തിരുവനന്തപുരം: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം കാണുന്നതിനായി വരിക്കാർക്ക് ആകർഷകമായ ഓഫറുകളുമായി പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ (Airtel fifa world cup final offer). ഫിഫ ലോകകപ്പ് ഫൈനൽ സംപ്രേക്ഷണം ചെയ്യുന്ന പ്രമുഖ സ്പോർട്സ് ചാനലുകൾ വരിക്കാർക്ക് ലഭ്യമാക്കിക്കൊണ്ടാണ് എയർടെൽ ഈ സുവർണ്ണാവസരം ഒരുക്കുന്നത്.
എയർടെല്ലിന്റെ നിലവിലുള്ള വൈ-ഫൈ + ടിവി (ഐപിടിവി & ഡിടിഎച്ച്) സബ്സ്ക്രൈബർമാർക്ക് നിലവിൽ തന്നെ ഈ ലോകകപ്പ് മത്സരങ്ങളിലേക്ക് നേരിട്ട് ആക്സസ് ഉണ്ടായിരിക്കും. ഇനി ഈ പ്ലാനുകൾ ഇല്ലാത്ത സാധാരണ വരിക്കാരാണെങ്കിൽ, അവർക്ക് വെറും 24 രൂപ അധികമായി റീചാർജ് ചെയ്തുകൊണ്ട് മത്സരങ്ങൾ തത്സമയം കാണാനുള്ള അവസരം അൺലോക്ക് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. മാസം 599 രൂപ മുതൽ ആരംഭിക്കുന്ന എയർടെല്ലിന്റെ വിവിധ വൈഫൈ + ടിവി പ്ലാനുകളിൽ ലഭ്യമായിട്ടുള്ള ആനുകൂല്യങ്ങൾ സബ്സ്ക്രൈബർമാർ കൃത്യമായി പരിശോധിക്കണമെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
എയർടെൽ താങ്ക്സ് (Airtel Thanks) ആപ്പ് വഴി വരിക്കാർക്ക് ഈ പ്ലാനുകൾ എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും. യോഗ്യതയുള്ള ടിവി പ്ലാനുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ലോകകപ്പ് മത്സരങ്ങൾക്കായി പ്രത്യേക ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോമുകളോ വലിയ തുകയുടെ ടിവി സബ്സ്ക്രിപ്ഷനോ വെവ്വേറെ വാങ്ങേണ്ടതില്ല. പകരം, മാസം വെറും 24 രൂപയ്ക്ക് ലഭ്യമായിട്ടുള്ള 8 പ്രമുഖ സ്പോർട്സ് ചാനലുകൾ അടങ്ങിയ ബൂസ്റ്റർ പാക്ക് വാങ്ങിയാൽ മതിയാകും. ഈ പ്രത്യേക പാക്കിലെ മത്സരങ്ങൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആസ്വദിക്കാൻ സാധിക്കും. നിലവിൽ എയർടെൽ വൈഫൈ (ബ്രോഡ്ബാൻഡ്) മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പ് വഴി വളരെ എളുപ്പത്തിൽ എയർടെൽ വൈഫൈ + ടിവി പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്ത് ലോകകപ്പ് ഫൈനൽ മത്സരങ്ങളുടെ തത്സമയ ആവേശം സ്വന്തം ടിവി സ്ക്രീനുകളിൽ ആസ്വദിക്കാമെന്നും കമ്പനി കൂട്ടിച്ചേർത്തു.
Story Summary:
Bharti Airtel has launched an affordable offer for its subscribers to watch the FIFA World Cup Final. While Airtel Wi-Fi + TV subscribers get direct access, other users can unlock 8 sports channels for just ₹24 per month through the Airtel app, with matches available in English and Hindi.

