തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിൽ ആഭ്യന്തര ഭിന്നത മറനീക്കി പുറത്ത്. എൻഡോവ്‌മെന്റ് മന്ത്രി കൊണ്ട സുരേഖയാണ് സ്റ്റേഷൻ ഘനപൂർ എം.എൽ.എ കടിയം ശ്രീഹരിക്കെതിരെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഔദ്യോഗികമായി പരാതി നൽകിയത് (Telangana Congress Infighting). തന്റെ അധികാരപരിധിയിലുള്ള എൻഡോവ്‌മെന്റ് വകുപ്പിന്റെ ഔദ്യോഗിക അവലോകന യോഗം തന്നെ അറിയിക്കാതെ കടിയം ശ്രീഹരി വിളിച്ചുചേർത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
ജൂലൈ 6-ന് ഹൈദരാബാദിലെ എൻഡോവ്‌മെന്റ് കമ്മീഷണറുടെ ഓഫീസിൽ വെച്ച് വകുപ്പ് ഡയറക്ടറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചായിരുന്നു എം.എൽ.എയുടെ യോഗം. ക്ഷേത്ര വികസനം, മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, ഭൂമി സംരക്ഷണം തുടങ്ങി മന്ത്രിയുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. തന്നെ പൂർണ്ണമായും തഴഞ്ഞ് ഇത്തരം യോഗങ്ങൾ വിളിച്ചുചേർത്തത് അങ്ങേയറ്റം പ്രതിഷേധാർഹവും ആശങ്കാജനകവുമാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. തന്നെ പൊതുജനമധ്യത്തിൽ അപമാനിക്കാനും തന്റെ അധികാരം ഇല്ലാതാക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് എം.എൽ.എ നടത്തുന്നതെന്ന് കൊണ്ട സുരേഖ ആരോപിച്ചു.
മുൻപ് ബി.ആർ.എസിൽ (BRS) ഉണ്ടായിരുന്ന കടിയം ശ്രീഹരിയും മകൾ കടിയം കാവ്യയും പിന്നീട് കോൺഗ്രസിൽ ചേർന്നവരാണ്. വാറങ്കൽ ജില്ലയിലെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഈ പോര് മുഖ്യമന്ത്രി രేవന്ത് റെഡ്ഡിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാർട്ടിയിലും സർക്കാരിലും ഈ വിഷയം ഗൗരവമായി പരിശോധിക്കണമെന്നും, എം.എൽ.എയിൽ നിന്ന് വിശദീകരണം തേടി അച്ചടക്ക സമിതിക്ക് കൈമാറണമെന്നും മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പാർട്ടിയിൽ പുതുതായി എത്തിയവരെ മുഖ്യമന്ത്രി അമിതമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന കോൺഗ്രസിലെ പഴയ നേതാക്കളുടെ പരാതികൾക്കിടയിലാണ് ഈ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
Summary: Telangana’s ruling Congress faces internal turmoil as Endowments Minister Konda Surekha has written to CM Revanth Reddy complaining against MLA Kadiyam Srihari for bypassing her authority. Minister Surekha alleged that Srihari’s unauthorized review meeting of the Endowments Department was a deliberate attempt to undermine her and publicly humiliate her, intensifying the power struggle between veteran leaders and recent entrants within the state party.

