റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: ജനഹിതമറിഞ്ഞ് ജനങ്ങളോടൊപ്പം എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഡിസ്ട്രിക്റ്റ് കണക്ട്’ പരിപാടിക്ക് വാഴക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി (District Connect Vazhakkad). ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് സ്വാഗതം ആശംസിച്ചു.
ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളും പൊതുപ്രശ്നങ്ങളും നേരിട്ടെത്തി വിലയിരുത്തി. ഊർക്കടവ് പാലം പരിസരത്തെ ഗ്രൗണ്ടിനായി പരിഗണിക്കുന്ന മൈനർ ഇറിഗേഷൻ ഭൂമി, അപകടഭീഷണിയുള്ള ഊർക്കടവ് വളവ്, മുണ്ടുമുഴിയിൽ കായികമൈതാനത്തിനായി കണ്ടെത്തിയ സ്ഥലം, വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ പരിസരത്തെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം, വാലില്ലാപുഴ തടാകം, ചാലിയപ്രം ഗവൺമെന്റ് ഹൈസ്കൂളിന് സമീപം ഗ്രൗണ്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ സംഘം സന്ദർശിച്ചു.
ചടങ്ങിനിടെ ഗ്രാമപഞ്ചായത്ത് ഭരണസമിതി നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തി ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അധിക ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുക, പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന അപകടവാഹനങ്ങൾ മാറ്റി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ചാലിയാറിലെ ഏക്കൽമണ്ണ് ശാസ്ത്രീയമായി നീക്കം ചെയ്യുക, മുടക്കോഴിമല റീ-സർവേ നടത്തി മിച്ചഭൂമി തിട്ടപ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഇതോടൊപ്പം മുണ്ടുമുഴി കായികമൈതാനം യാഥാർഥ്യമാക്കുക, ചാലിയപ്രം ഹൈസ്കൂൾ കായികമൈതാനത്തിനായി ഭൂമി തരംമാറ്റത്തിന് അനുമതി നൽകുക, ഊർക്കടവിലെ മൈനർ ഇറിഗേഷൻ ഭൂമി കായിക ആവശ്യങ്ങൾക്ക് വിട്ടുനൽകുക, എളമരം പാലത്തിന് സമീപം ഓപ്പൺ ജിമ്മും കുട്ടികളുടെ പാർക്കും സ്ഥാപിക്കാൻ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളും ഭരണസമിതി മുന്നോട്ടുവച്ചു.
ചടങ്ങിൽ കൊണ്ടോട്ടി എം.എൽ.എ. ടി.പി. അഷ്റഫലി, ജില്ലാ പഞ്ചായത്ത് അംഗം ജൈസൽ എളമരം, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശിവൻ, സ്ഥിരം സമിതി അധ്യക്ഷരായ സി.ഇ. മുംതാസ് ബീഗം, മുസ്തഫ വാഴക്കാട്, പുഷ്പ എം., രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.സി. സിദ്ധീഖ് മാസ്റ്റർ, മോട്ടമ്മൽ മുജീബ് മാസ്റ്റർ, സി.വി. സക്കറിയ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിജി ബി. നന്ദി രേഖപ്പെടുത്തി.
Summary: The District Connect programme was launched in Vazhakkad, with Malappuram District Collector Dr. Vinay Goyal and District Panchayat President P.A. Jabbar Haji visiting key locations and assessing local development needs. The panchayat also submitted a memorandum highlighting urgent infrastructure, healthcare and public welfare demands.


