Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala
HomeNationalലോക്സഭയിൽ 850 സീറ്റുകൾ: വനിതാ സംവരണ ഭേദഗതി ബില്ലിന്മേലുള്ള പ്രത്യേക പാർലമെൻ്റ്...

ലോക്സഭയിൽ 850 സീറ്റുകൾ: വനിതാ സംവരണ ഭേദഗതി ബില്ലിന്മേലുള്ള പ്രത്യേക പാർലമെൻ്റ് സമ്മേളനം നാളെ മുതൽ | Parliament

🎙️ Latest Podcast

ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനായുള്ള മൂന്ന് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം നാളെ ആരംഭിക്കും. ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തിക്കൊണ്ട് വനിതാ സംവരണം നടപ്പിലാക്കാനാണ് ബില്ലിലെ പ്രധാന ശുപാർശ.( Special Parliament session on Women’s Reservation Amendment Bill from tomorrow)

ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തും. ഇതിൽ 815 സീറ്റുകൾ സംസ്ഥാനങ്ങൾക്കും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായിരിക്കും. ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി മാറ്റിവെക്കും. ഓരോ തെരഞ്ഞെടുപ്പിലും സംവരണ മണ്ഡലങ്ങൾ മാറിവരും. 2026-ലെ സെൻസസ് വരെ കാത്തുനിൽക്കാതെ 2011-ലെ സെൻസസ് പ്രകാരം മണ്ഡല പുനർനിർണ്ണയം നടത്താനാണ് നീക്കം.

വനിതാ സംവരണ സീറ്റുകൾക്കുള്ളിൽ തന്നെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സംവരണം ഉറപ്പാക്കും. എന്നാൽ ഒബിസി ഉപസംവരണത്തിന് നിർദ്ദേശമില്ല. പാർലമെന്റ് മണ്ഡലങ്ങളുടെ പരിധിക്ക് അനുസൃതമായി നിയമസഭാ സീറ്റുകളും പുനർനിശ്ചയിക്കും. മണ്ഡല പുനർനിർണ്ണയത്തിനായി സുപ്രീം കോടതി ജഡ്ജി നേതൃത്വം നൽകുന്ന കമ്മീഷനെ നിയോഗിക്കും. കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇതിൽ അംഗങ്ങളായിരിക്കും. ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം കമ്മീഷനാകും അന്തിമമായി നിശ്ചയിക്കുക.

മണ്ഡല പുനർനിർണ്ണയം തിരക്കിട്ട് നടത്തുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരും. അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം നീക്കം തുടങ്ങിയിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ എണ്ണത്തിൽ തിരിച്ചടിയുണ്ടാവില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു. എല്ലായിടത്തും സീറ്റുകൾ പകുതിയായി വർദ്ധിപ്പിക്കുമെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയത് സമവായത്തിനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. ബിൽ പാസാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നീക്കം ശക്തമാക്കിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.