ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എം.പിമാർ കടുത്ത പ്രതിഷേധവും മുദ്രാവാക്യം വിളികളും നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാറും എം.പിയുമായ സുപ്രിയ സുലെയും ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തി.(Sharad Pawar And Supriya Sule Meet PM Modi Amid Opposition Protests)
പ്രധാനമന്ത്രി ശരദ് പവാറിനെ മുറിയുടെ വാതിൽക്കൽ എത്തി സ്വീകരിക്കുന്നതിന്റെയും ഇരുനേതാക്കളും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും ജലസേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിച്ച് ശരദ് പവാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകി.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്ന മണ്ഡല പുനർനിർണ്ണയ ബില്ലിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ സർക്കാരിന് ശരദ് പവാറിന്റെ പാർട്ടിയുടെ 8 എം.പിമാരുടെ പിന്തുണ നിർണ്ണായകമാണ്. സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവ് വരുത്തുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയാൽ ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കാമെന്ന് സുപ്രിയ സുലെ നേരത്തെ വ്യക്തമാക്കിയിരുന്നു.
എൻ.സി.പിയിലെ ഇരുവിഭാഗങ്ങളും തമ്മിൽ ലയിച്ച് എൻ.ഡി.എയുടെ ഭാഗമാകാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ച അതേ ദിവസം തന്നെ മുന്നണിയിലെ പ്രമുഖ നേതാവ് പ്രധാനമന്ത്രിയെ സന്ദർശിച്ചത് രാഷ്ട്രീയപരമായ വലിയ സന്ദേശമാണ് നൽകുന്നത്.
Story Summary
Amid intense Opposition protests outside Parliament, NCP (SP) chief Sharad Pawar and MP Supriya Sule met Prime Minister Narendra Modi at his office. While official reports state that Pawar submitted a memorandum on farmers’ and irrigation issues, the high-profile meeting has sparked political speculation regarding NDA’s push for the Delimitation Bill and rumors of an NCP faction merger.


