സൂറത്ത്: വിമാനം പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ അടിയന്തിര വാതിൽ തുറന്ന വ്യവസായി അറസ്റ്റിൽ. സൂറത്തിൽ നിന്ന് ഗോവയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സൂറത്ത് സ്വദേശിയായ ഹിതേന്ദ്ര മാനിയ എന്ന യാത്രക്കാരനെയാണ് സി.ഐ.എസ്.എഫും വിമാനത്താവള അധികൃതരും ചേർന്ന് പിടികൂടി പോലീസിന് കൈമാറിയത്.(Surat Trader Opens Emergency Exit Door On IndiGo Goa Flight)
സംഭവത്തെ തുടർന്ന് ഇയാളുടെ ഗോവ യാത്ര മുടങ്ങുകയും ചെയ്തു. സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകീട്ട് 3.20-ന് ഗോവയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6E-419 വിമാനത്തിലാണ് സംഭവം. കൂട്ടുകാരോടൊപ്പം ഗോവയിലേക്ക് വിനോദയാത്ര പുറപ്പെട്ട മാനിയ എമർജൻസി എക്സിറ്റിന് തൊട്ടടുത്തുള്ള 19A വിൻഡോ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. സീറ്റ് പിന്നിലേക്ക് മാറ്റുന്നതിനായി പിടിച്ച ഹാൻഡിൽ മാറി അടിയന്തിര വാതിൽ അബദ്ധത്തിൽ തുറന്നുപോവുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.
വാതിൽ തുറന്നയുടൻ വിവരം കാബിൻ ക്രൂവിനെ അറിയിച്ചതായി ഇയാൾ അവകാശപ്പെടുന്നു. എന്നാൽ സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സീറ്റിലെ ഹാൻഡിലാണെന്ന് കരുതി കൈവെച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന് വ്യവസായി അവകാശപ്പെടുന്നുണ്ടെങ്കിലും, വിമാനത്തിനുള്ളിലെ സുരക്ഷാ ലംഘനം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
Story Summary
A Surat trader’s Goa vacation was cut short after he accidentally opened the emergency exit door of an IndiGo flight (6E-419) at Surat International Airport just moments before take-off. The passenger, Hitendra Maniya, claimed he mistook the door handle for a seat recline lever, but was deboarded and handed over to Dumas police for further investigation.


