ന്യൂഡൽഹി: സൈനിക് ഫാംസിൽ താമസിക്കുന്ന വയോധികനായ ചാർട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ ഒരു സൈനികൻ ഉൾപ്പെടെ നാല് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു (Honey Trap Case Delhi). മെയ് 2-ന് നടന്ന സംഭവത്തിൽ സുരേന്ദർ (31), കൽപന കുമാരി (40), കുൽദീപ്, സുശീൽ എന്നിവരാണ് പിടിയിലായത്.
പ്രതിയായ കൽപനയുമായി വയോധികന് നേരത്തെ പരിചയമുണ്ടായിരുന്നു. മെയ് 2-ന് വൈകുന്നേരം വയോധികൻ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് കൽപന അദ്ദേഹത്തെ കാണാനെത്തുകയും തുടർന്ന് മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് അദ്ദേഹത്തെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. വയോധികനെ മർദ്ദിച്ച് കെട്ടിയിട്ട ശേഷം അലമാരയിലുണ്ടായിരുന്ന 5 ലക്ഷം രൂപ, സ്വർണ്ണാഭരണങ്ങൾ, ക്രെഡിറ്റ് കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകൾ പ്രതികൾ കവർന്നു.
തുടർന്ന് വയോധികനെ അദ്ദേഹത്തിന്റെ തന്നെ കാറിൽ തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാൽ പണം സംഘടിപ്പിക്കാൻ സാധിക്കാതെ വന്നതോടെ പ്രതികൾ അദ്ദേഹത്തെ ഹരിയാനയിലെ ഡൽഹി-മുംബൈ ഹൈവേയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മഥുരയിൽ പോസ്റ്റിംഗ് ഉണ്ടായിരുന്നിട്ടും അവിടെ റിപ്പോർട്ട് ചെയ്യാതെ ഒളിവിൽ കഴിഞ്ഞിരുന്ന സൈനികനാണ് പിടിയിലായ സുരേന്ദർ. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുരേന്ദറും കൽപനയും വിവാഹിതരായവരാണ്. വയോധികന്റെ കാർ, കവർച്ച ചെയ്ത പണം, ആഭരണങ്ങൾ, എയർ ഗൺ എന്നിവ പോലീസ് വീണ്ടെടുത്തിട്ടുണ്ട്.
Summary: A 72-year-old chartered accountant in South Delhi’s Sainik Farms was honey-trapped, abducted, and robbed by a gang of four, including a serving Army personnel. The accused looted cash, jewellery, and documents like his Aadhaar and driving licence before demanding a Rs 50 lakh ransom. After failing to get the money, they abandoned him in Haryana. All four accused have been arrested, and the looted items recovered.

