ഡെറാഡൂൺ: ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനത്തിലും അധിക്ഷേപങ്ങളിലും മനംനൊന്ത് സ്കൂൾ അദ്ധ്യാപിക ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് പകർത്തിയ മനസ്സിനെ ഉലയ്ക്കുന്ന വീഡിയോ സന്ദേശം പുറത്തുവന്നു. ഡെറാഡൂണിലെ ദോയിവാലയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട ദൃഷ്ടി ഭണ്ഡാരി (22) എന്ന യുവതിയുടെ വീഡിയോയാണ് പുറത്തുവന്നത്. ഭർത്താവിന്റെയും വീട്ടുകാരുടെയും മനോഭാവം ഒരിക്കലും മാറില്ലെന്നും തന്നെ ക്ഷമിക്കണമെന്നും അമ്മയോടും സഹോദരിമാരോടും കരഞ്ഞുകൊണ്ട് യുവതി വീഡിയോയിൽ പറയുന്നുണ്ട്.(Dehradun teacher dowry death case final video recording surfaces)
90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, കണ്ണീരണിഞ്ഞുകൊണ്ട് “അമ്മാ എന്നോട് ക്ഷമിക്കണം, ഞാൻ ഇങ്ങനെ പോവുകയാണ്” എന്ന് ദൃഷ്ടി പറയുന്നത് കാണാം. കഴിഞ്ഞ ആറുമാസമായി താൻ അനുഭവിക്കുന്ന മാനസിക വിഷമങ്ങൾ ഇനി താങ്ങാൻ കഴിയില്ലെന്നും ഭർതൃവീട്ടുകാർ തന്നെയൊരു ‘അപശകുനം’ എന്ന് വിളിച്ചാണ് അധിക്ഷേപിച്ചിരുന്നതെന്നും യുവതി വിതുമ്പലോടെ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഉത്തരാഖണ്ഡ് സെക്രട്ടേറിയറ്റിലെ പേഴ്‌സണൽ സെക്രട്ടറിയായ സൗരഭ് ഖത്രിയുമായി ദൃഷ്ടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞയുടൻ തന്നെ സൗരഭും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ ദൃഷ്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ തുടങ്ങി. ദീർഘകാല രോഗബാധയെ തുടർന്ന് ഭർത്താവിന്റെ പിതാവ് മരിച്ചപ്പോൾ പോലും അതിന് കാരണം ദൃഷ്ടിയുടെ വരവാണെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ അവളെ ക്രൂരമായി കുറ്റപ്പെടുത്തിയിരുന്നതായി ദോയിവാല സർക്കിൾ ഓഫീസർ വന്ദന വർമ്മ പറഞ്ഞു.
സംഭവത്തിൽ ദൃഷ്ടിയുടെ അമ്മ സീമ ഭണ്ഡാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭർത്താവ് സൗരഭ് ഖത്രി, ഭർതൃമാതാവ് പർവീണ ദേവി, നാത്തൂൻ ചാരൂ ഖത്രി എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 80(2) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
Story Summary
A 90-second video of Shristi Bhandari, a school teacher from Dehradun, recorded moments before her death due to alleged dowry harassment, has surfaced online. In the video, Shristi expresses her agony over being humiliated and called ‘inauspicious’ by her in-laws, leading police to register a dowry death FIR against her husband Saurabh Khatri and his family members.


