ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് സിജെപി ജന്തർമന്തറിൽ സംഘടിപ്പിച്ച സമരം ശ്രദ്ധേയമായി. പാറ്റയുടെ ചിഹ്നമുള്ള ടീഷർട്ടുകൾ അണിഞ്ഞും ദേശീയ പതാകകൾ കൈയിലേന്തിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവതി യുവാക്കളാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചു.(CJP Protest At Jantar Mantar Demands Resignation Of Education Minister Over NEET CBSE Irregularities)
ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്താണ് പ്രവർത്തകർ ഒത്തുകൂടിയത്. സിജെപിയുടെ ആശയങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിനെത്തി. എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. പ്രതിഷേധത്തിനിടെ ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങളുമായി ഒരു സംഘം പ്രവർത്തകരെ നേരിടാൻ എത്തിയെങ്കിലും, സംഘർഷം ഒഴിവാക്കാൻ പോലീസ് ഇടപെട്ട് ഇവരെ ജന്തർമന്തറിൽ നിന്ന് നീക്കം ചെയ്തു.
സോഷ്യൽ മീഡിയയിൽ സിജെപിക്ക് ലഭിച്ച വൻ പിന്തുണ നേരിട്ടുള്ള സമരത്തിൽ പ്രതിഫലിച്ചില്ലെങ്കിലും, നീറ്റ്-സിബിഎസ്ഇ വിഷയങ്ങളിൽ രാജ്യത്തെ യുവാക്കൾക്കിടയിൽ പുകയുന്ന രോഷത്തിന്റെ പ്രതീകമായി ഈ പ്രതിഷേധം മാറി. സമരക്കാരുടെ എണ്ണം പരിമിതമാണെങ്കിലും, പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സംഘടന. പ്രകോപനങ്ങൾ ഒഴിവാക്കാൻ പോലീസ് വലിയ ജാഗ്രതയാണ് പുലർത്തുന്നത്. പ്രതിഷേധ പരിപാടിക്കിടെ സദസ്സിനെ അഭിസംബോധന ചെയ്ത സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ, സംഘടനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു.
സുഹൃത്തുക്കളെ, ഇതൊരു നീണ്ട പോരാട്ടമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഞങ്ങൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം തുടങ്ങിയിട്ട് ഒരു മാസമായി. എന്നാൽ നടപടിയെടുക്കുന്നതിന് പകരം, ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും പോസ്റ്റുകൾ നീക്കം ചെയ്യാനും മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്. ഞങ്ങളുടെ പോസ്റ്റുകൾ നിങ്ങൾക്ക് നീക്കം ചെയ്യാൻ കഴിഞ്ഞേക്കും, പക്ഷേ ഈ മണ്ണിൽ നിന്ന് ഞങ്ങളെ തുടച്ചുനീക്കാൻ നിങ്ങൾക്ക് കഴിയില്ല, ദീപ്കെ പറഞ്ഞു.
തന്റെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും, മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. സമാധാനപരമായ പ്രതിഷേധം എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങളുമായി എത്താൻ നേരത്തെ തന്നെ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു. അടുത്ത പ്രതിഷേധ പരിപാടി ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്താൻ ആലോചന. ജൂൺ 6-ന് ജന്തർമന്തറിൽ നടത്തിയ വിജയകരമായ പ്രതിഷേധത്തിന് പിന്നാലെയാണ്, കൂടുതൽ പ്രവർത്തകരെ അണിനിരത്തി ജൂൺ 23-ന് രാംലീല മൈതാനിയിൽ വെച്ച് മഹാറാലി സംഘടിപ്പിക്കാൻ സംഘടന പദ്ധതിയിടുന്നത്.
Story Summary
The CJP held a significant protest at Jantar Mantar in New Delhi, demanding the resignation of Education Minister Dharmendra Pradhan over alleged irregularities in NEET and CBSE examinations. Despite a modest turnout compared to their social media following, the protest drew support from various Left-wing student organizations, including the SFI, and saw participants arriving from across India to voice their dissent against the current examination crisis.

