കൊച്ചി: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു (Ansiba Hassan complaint Tini Tom). കേസിന്റെ ഭാഗമായി കൊച്ചി കടവന്ത്ര പോലീസ് തിങ്കളാഴ്ച അൻസിബയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. അതിനിടെ, താരസംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിർന്ന താരങ്ങൾ എത്രയും വേഗം ഇടപെടണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
ടിനി ടോം തന്നെ മതതീവ്രവാദിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് അൻസിബ ഹസൻ പോലീസിനെ സമീപിച്ചത്. താരം ആദ്യം ഇൻഫോപാർക്ക് പോലീസിലാണ് പരാതി നൽകിയതെങ്കിലും സംഭവം നടന്ന പരിധി കണക്കിലെടുത്ത് കേസ് കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രേഖപ്പെടുത്തുന്ന അൻസിബയുടെ മൊഴി കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും ടിനി ടോമിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്ന കാര്യത്തിൽ പോലീസ് അന്തിമ തീരുമാനമെടുക്കുക.
നേരത്തെ, അൻസിബ ഈ വിഷയമുന്നയിച്ച് ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും സംഘടനയുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്നാണ് നടി പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. അതേസമയം, ഉയർന്നുവന്ന വിവാദങ്ങളും പരാതിയും പരിശോധിക്കാൻ ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. താരസംഘടനയിലെ തർക്കങ്ങൾ നീട്ടിക്കൊണ്ടുപോകാതെ അടിയന്തരമായി പരിഹരിക്കണമെന്നാണ് സാംസ്‌കാരിക മന്ത്രിയുടെ നിലപാട്.
Story Summary: The Kochi police have launched a preliminary probe into actress Ansiba Hassan’s complaint against ‘AMMA’ executive member and actor Tini Tom, alleging attempts to label her a religious extremist. The Kadavanthra police will record Ansiba’s statement on Monday, while Cultural Affairs Minister PC Vishnunath urged senior actors to intervene and resolve the ongoing issues within the association.

