ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഇരുപതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ, ഡൽഹി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. തലസ്ഥാനത്ത് രാത്രി മുഴുവൻ കനത്ത മഴ പെയ്തിട്ടും സമരപ്പന്തലിൽ പ്ലാസ്റ്റിക് ഷീറ്റുകളോ ടാർപോളിനുകളോ ഉപയോഗിക്കാൻ പോലീസ് അനുമതി നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(CJP Protest, Delhi police deny tarpaulin to protesting CJP students)
സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഭിജീത് പോലീസിന്റെ നിലപാടിനെതിരെ രംഗത്തുവന്നത്. വിദ്യാർത്ഥികൾ കനത്ത മഴയിൽ പൂർണ്ണമായും നനഞ്ഞു കുതിരുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ സുരക്ഷിതമായി തണലത്തു നിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.”ഞങ്ങൾ എല്ലാവരും പൂർണ്ണമായി നനഞ്ഞുപോയി. വസ്ത്രങ്ങളും കിടക്കകളും വെള്ളത്തിലായി. കുട്ടികൾക്ക് കടുത്ത പനി ബാധിക്കുകയാണ്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ യൂണിഫോമും ഷൂസും നോക്കൂ, അതിൽ ഒരു തുള്ളി വെള്ളം പോലും വീണിട്ടില്ല, അത് തിളങ്ങി നിൽക്കുകയാണ്. മുകളിൽ നിന്ന് ഉത്തരവ് വരുന്നത് വരെ ടാർപോളിൻ അകത്തേക്ക് കയറ്റാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. അതുവരെ കുട്ടികൾ ഇവിടെ കിടന്ന് നനയണമെന്നാണോ?” എന്ന് വീഡിയോയിലൂടെ അഭിജീത് ദിപ്കെ ചോദിച്ചു.
ദേശീയതലത്തിലെ പരീക്ഷാ ചോർച്ചകളിലും ക്രമക്കേടുകളിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൽ നിന്ന് ധാർമ്മിക ഉത്തരവാദിത്തം ആവശ്യപ്പെട്ടും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുമാണ് വിദ്യാർത്ഥികൾ ഇരുപത് ദിവസമായി ജന്തർ മന്തറിൽ സമരം ചെയ്യുന്നത്. മെയ് മാസത്തിൽ ബ്ലോക്ക് ചെയ്യപ്പെട്ട സി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ പുനഃസ്ഥാപിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസങ്ങൾ.
വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്ന പ്രമുഖ വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ ആരോഗ്യനില കൂടുതൽ വഷളായതായി മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. കഴിഞ്ഞ 11 ദിവസത്തെ നിരാഹാരത്തെ തുടർന്ന് അദ്ദേഹത്തിന് ഏഴ് കിലോഗ്രാമിലധികം ഭാരം കുറഞ്ഞു. നിലവിൽ 59.40 കിലോഗ്രാം ആണ് അദ്ദേഹത്തിന്റെ ശരീരഭാരം. രക്തസമ്മർദ്ദം 103/68 mm Hg ആയി കുറഞ്ഞിട്ടുണ്ട്. എങ്കിലും അദ്ദേഹം മാനസികമായി പൂർണ്ണ സജ്ജനാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Story Summary
The Cockroach Janta Party’s (CJP) anti-exam irregularity protest at Jantar Mantar hit its 20th day. Founder Abhijeet Dipke uploaded a viral video accusing the Delhi Police of denying students tarpaulins during a heavy downpour, causing many to fall ill. Meanwhile, the health of climate activist Sonam Wangchuk, who is on his 11th day of an indefinite fast in solidarity with the students, continues to deteriorate.

