ആഗ്ര: വിവാഹത്തിന്റെ ആദ്യരാത്രിയിൽ ഭർത്താവിനോട് 90 ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത വധുവിനെതിരെ പോലീസ് കേസെടുത്തു (Agra Bride Demand 90 Lakhs). ഉത്തർപ്രദേശിലെ ആഗ്രയിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം നടന്നത്. ആഗ്ര സ്വദേശികളായ ഗൗരവും കൽപ്പനയും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷം ഏപ്രിൽ 29-നായിരുന്നു നടന്നത്.
വിവാഹത്തിന് പിന്നാലെ ആദ്യരാത്രിയിൽ തന്നെ 90 ലക്ഷം രൂപ പിതാവിനും സഹോദരങ്ങൾക്കുമായി നൽകണമെന്ന് കൽപ്പന ആവശ്യപ്പെട്ടതായാണ് പരാതി. പണം നൽകാതെ ശാരീരിക ബന്ധത്തിന് സമ്മതിക്കില്ലെന്നും യുവതി നിലപാടെടുത്തു. തുടർന്ന് തന്റെയും ഭർത്താവിന്റെ അമ്മയുടെയും ആഭരണങ്ങളു മായി കൽപ്പന സ്വന്തം വീട്ടിലേക്ക് പോയി. പണം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന ഭീഷണിയും മുഴക്കി. ഗൗരവിന്റെ സഹോദരി മുസ്കാൻ നൽകിയ പരാതിയിലാണ് ഇപ്പോൾ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മാർച്ച് 25-ന് കൽപ്പനയും പിതാവും സഹോദരങ്ങളും വിവാഹ ദല്ലാളും ഗൗരവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ പൂട്ടിയിട്ടു. 90 ലക്ഷം രൂപ നൽകാൻ രണ്ട് മണിക്കൂർ സമയം നൽകുകയും ഗൗരവിന്റെ 67 വയസ്സുള്ള പിതാവിനെ മർദ്ദിക്കുകയും ചെയ്തു. അപകടമുണ്ടാക്കാൻ വീടിനുള്ളിലെ പിഎൻജി ഗ്യാസ് കണക്ഷൻ ഇവർ തകർക്കുകയും ചെയ്തു. ഒടുവിൽ പോലീസെത്തിയാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്.
പണം തട്ടിയെടുക്കാൻ വേണ്ടി ബോധപൂർവ്വം നടത്തിയ ഗൂഢാലോചനയായിരുന്നു ഈ വിവാഹമെന്ന് ദല്ലാൾ പോലീസിനോട് സമ്മതിച്ചു. കൽപ്പനയുടെ കുടുംബം ഗൗരവിന്റെ വീടിന് ചുറ്റും കറങ്ങിനടന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു.
Summary: A bride in Agra, Uttar Pradesh, allegedly demanded Rs 90 lakh from her husband on their wedding night and threatened his family with death if the amount wasn’t paid. The bride, Kalpana, along with her family, reportedly locked up the groom’s family, assaulted his elderly father, and tampered with the gas connection to stage an “accident.” A case has been registered after a matchmaker confessed that the marriage was a conspiracy to extort money.

