ബാങ്കോക്ക്: ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാതെ യാത്ര ചെയ്യുന്നതിനായി 30 ദിവസത്തെ വിസ രഹിത പ്രവേശനം അനുവദിക്കാൻ തായ്‌ലൻഡ് മന്ത്രിസഭ ഒടുവിൽ അംഗീകാരം നൽകി. വിസ രഹിത അനുമതി പൂർണ്ണമായി റദ്ദാക്കാനുള്ള തായ് സർക്കാരിന്റെ മുൻ നിർദ്ദേശം ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുകയും രാജ്യത്തേക്കുള്ള സഞ്ചാരികളുടെ വരവിൽ വൻ കുറവുണ്ടാക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായേക്കാവുന്ന തീരുമാനം തിരുത്താൻ തായ്‌ലൻഡ് തയ്യാറായത്.(Thailand Visa Free Entry, Thailand Approves Thirty Day Visa Free Entry For Indian Tourists )
തായ്‌ലൻഡിനെ സംബന്ധിച്ച് ചൈനയ്ക്കും മലേഷ്യയ്ക്കും പിന്നിൽ ഏറ്റവും വലിയ മൂന്നാമത്തെ വിനോദസഞ്ചാര വിപണിയാണ് ഇന്ത്യ. നിലവിൽ ഇന്ത്യൻ സഞ്ചാരികൾക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്‌ലൻഡിൽ തങ്ങാൻ അനുമതിയുണ്ട്. എന്നാൽ രാജ്യത്തെ വിസ രഹിത നയങ്ങൾ ദുരുപയോഗം ചെയ്ത് വിദേശികൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും തട്ടിപ്പ് സംഘങ്ങളിലും ഏർപ്പെടുന്നത് തടയാൻ പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുലിന്റെ നേതൃത്വത്തിലുള്ള പുതിയ കൺസർവേറ്റീവ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന്റെ ഭാഗമായാണ് മുൻപ് 93 രാജ്യങ്ങൾക്കുണ്ടായിരുന്ന വിസ രഹിത ആനുകൂല്യം വെട്ടിച്ചുരുക്കാൻ മെയ് മാസത്തിൽ തായ് കാബിനറ്റ് തീരുമാനിച്ചത്.
പുതിയ വിസ പരിഷ്കരണ പ്രകാരം 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ഉൾപ്പെടെ ആകെ 60 രാജ്യങ്ങൾക്കാണ് 30 ദിവസത്തെ വിസ രഹിത പ്രവേശനം ലഭിക്കുക. ഈ പുതിയ നയം വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഷെങ്കൻ വിസ ഇളവുകൾക്കായി തായ്‌ലൻഡ് നടത്തുന്ന ചർച്ചകൾക്ക് കൂടുതൽ കരുത്തുപകരുമെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. ഇന്ത്യൻ ടൂറിസ്റ്റുകളുടെ യാത്രാ സ്വഭാവം മുൻനിർത്തിയാണ് 30 ദിവസത്തെ അനുമതി നൽകിയതെന്നും ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഈ തീരുമാനം വീണ്ടും പുനഃപരിശോധിക്കുമെന്നും തായ് ടൂറിസം മന്ത്രി സുരസാക് ഫഞ്ചാരോൻവോറകുൽ അറിയിച്ചു.
Story Summary
Thailand has approved a 30-day visa-free entry for Indian tourists following a decline in arrivals caused by a previous proposal to scrap the waiver. The decision aligns with the travel patterns of Indian visitors, who represent the country’s third-largest tourism market. The revised policy also extends to all European Union member states to aid Thailand’s ongoing Schengen visa exemption negotiations while tightening overall border security.


