ന്യൂഡൽഹി: പശ്ചിമേഷ്യൻ സുരക്ഷാ പ്രതിസന്ധിയെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ‘സീഫെറർ ഫസ്റ്റ്’ പ്രതികരണത്തിന് ഉത്തരവിട്ട് കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിലെ ഓരോ ഇന്ത്യൻ ജീവനക്കാരെയും തത്സമയം നിരീക്ഷിക്കാനും പരിക്കേറ്റവർക്കായി പ്രത്യേക ലെയ്സൺ ഓഫീസർമാരെ നിയമിക്കാനും മന്ത്രി നിർദ്ദേശം നൽകി.(Strait of Hormuz Ship Attacks, Union Minister Sarbananda Sonowal Orders Seafarer First Response)
മേഖലയിൽ ‘എം.ടി അൽ ബഹിയ’, ‘എം.ടി മൊംബാസ’ എന്നീ രണ്ട് ചരക്കുകപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് കപ്പലുകളിലുമായി ആകെ 46 ജീവനക്കാരുണ്ടായിരുന്നതിൽ 30 പേരും ഇന്ത്യക്കാരായിരുന്നു. എം.ടി അൽ ബഹിയയിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ ആക്രമണത്തിൽ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. എം.ടി മൊംബാസയിലെ ഒമ്പത് ഇന്ത്യൻ നാവികർക്ക് പരിക്കേറ്റു, ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ കേന്ദ്രമന്ത്രി, ആഗോള വിതരണ ശൃംഖല നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന നിരപരാധികളായ നാവികരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.
ഇതിൻ്റെ ഭാഗമായി പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവയിലൂടെ സഞ്ചരിക്കുന്ന ഏത് വിദേശ പതാകയുള്ള കപ്പലുകളിലെയും ഇന്ത്യൻ നാവികരെ ട്രാക്ക് ചെയ്യുന്നതിനായി ഒരു സമഗ്ര ‘ഓപ്പറേഷൻ ഡാഷ്ബോർഡ്’ സ്ഥാപിക്കാൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കപ്പലുകളുടെ സ്ഥാനം, ഭീഷണി നിലവാരം, അടുത്ത പോർട്ട്, ഭക്ഷണം, മരുന്ന്, ആശയവിനിമയ സൗകര്യങ്ങൾ എന്നിവ ഈ ഡാഷ്ബോർഡ് വഴി തത്സമയം നിരീക്ഷിക്കും. വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ നാവികസേന, ഡി.ജി ഷിപ്പിംഗ്, ഇറാൻ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികൾ എന്നിവയുമായി സംയുക്തമായാണ് ഈ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ സുരക്ഷയും വിവരങ്ങളും നൽകാതെ ഒരു ഇന്ത്യൻ നാവികനെയും ഇത്തരം സംഘർഷ മേഖലകളിലൂടെ കപ്പൽ ഓടിക്കാൻ നിർബന്ധിക്കരുതെന്ന് കപ്പൽ ഉടമകൾക്കും ഏജൻസികൾക്കും കേന്ദ്രം കർശന നിർദ്ദേശം നൽകി.
Story Summary
Union Minister Sarbananda Sonowal ordered a comprehensive ‘Seafarer-First’ response to safeguard Indian crew members in the conflict-hit Strait of Hormuz following attacks on two merchant vessels. One Indian seafarer was killed and several others were injured aboard MT Al Bahiyah and MT Mombasa, prompting the government to set up a real-time operational dashboard to monitor all Indian sailors in the region. The Ministry of Ports, Shipping and Waterways will coordinate around the clock with the Indian Navy and the MEA to ensure maximum protection and crew welfare.


