മലപ്പുറം: ജനവാസമേഖലയോട് ചേർന്ന കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ കാട്ടാനയ്ക്ക് രക്ഷകരായി വനംവകുപ്പും നാട്ടുകാരും. കരുളായി പാലാങ്കര വലിയപാലത്തിന് സമീപമുള്ള സ്വകാര്യ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാന അപകടത്തിൽപ്പെട്ടത്.(Wild Elephant rescue, Nilambur Forest Officials Rescue Elephant from Well)
പുലർച്ചെയോടെ കൃഷിയിടത്തിൽ നിന്ന് കേട്ട ആനയുടെ അസ്വാഭാവികമായ ചിഹ്നം വിളി ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം ആദ്യം അറിയുന്നത്. ഉടൻതന്നെ നടത്തിയ പരിശോധനയിൽ, ആഴമേറിയ കിണറ്റിൽ കാട്ടാന കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞയുടൻ നിലമ്പൂർ സൗത്ത് ഡിവിഷൻ വനപാലകരും ദ്രുതപ്രതികരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
കിണറിന് ആഴം കൂടുതലായതിനാലും ആനയ്ക്ക് സ്വയം പുറത്തുകടക്കാൻ സാധിക്കാത്ത സാഹചര്യമായതിനാലും ജെസിബി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് ഉദ്യോഗസ്ഥർ നടത്തിയത്. കിണറിന്റെ ഒരു വശം ജെസിബി ഉപയോഗിച്ച് ഇടിച്ച് വ്യാപ്തി വർധിപ്പിക്കുകയും, ആനയ്ക്ക് സുരക്ഷിതമായി നടന്നു കയറാൻ പാകത്തിൽ മണ്ണുകൊണ്ട് ചരിവ് നിർമ്മിക്കുകയുമായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മൺതിട്ടയിലൂടെ ആന കിണറ്റിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തി. പുറത്തുകടന്ന ഉടൻ തന്നെ കാട്ടാന അടുത്തുള്ള വനമേഖലയിലേക്ക് ഉൾവനത്തിലേക്ക് ഓടി മറഞ്ഞു.
Story Summary
A wild elephant fell into an abandoned well near a residential area in Karulai, Nilambur, prompting a swift rescue operation by the Forest Department and local villagers. Using a JCB, officials created an earthen ramp to help the elephant safely climb out of the well before it returned to the forest.

