Description
Digital Voice of Kerala
Thursday, May 28, 2026

Digital Voice of Kerala
HomeKeralaടി. വീണയ്ക്ക് 2.78 കോടി നൽകിയത് ഒരു സേവനവും നൽകാതെ; എക്സാലോജിക്കിനെതിരെ...

ടി. വീണയ്ക്ക് 2.78 കോടി നൽകിയത് ഒരു സേവനവും നൽകാതെ; എക്സാലോജിക്കിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്എഫ്ഐഒ റിപ്പോർട്ട് പുറത്ത് | Veena Vijayan CMRL Payment Controversy

🎙️ Latest Podcast

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രണ്ടു കോടി 78 ലക്ഷം രൂപ കൈപ്പറ്റിയതായി സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണ റിപ്പോർട്ട് (Veena Vijayan CMRL Payment Controversy). നിരന്തരമായി നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സ് ഈ കരിമണൽ കമ്പനിയായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീണയ്ക്ക് വ്യക്തിപരമായി പ്രതിമാസം അഞ്ച് ലക്ഷം രൂപയും എക്സാലോജിക് കമ്പനിക്ക് മൂന്ന് ലക്ഷം രൂപയും ഉൾപ്പെടെ മാസം എട്ട് ലക്ഷം രൂപ വീതമാണ് സിഎംആർഎൽ നൽകിയിരുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയുള്ള കാലയളവിലാണ് ഈ പണമിടപാടുകൾ നടന്നത്. 2019-ൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനേക്കാൾ വലിയ തുക റെയ്ഡിന് ശേഷവും വീണയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയിരിക്കുന്നത്.

സിഎംആർഎല്ലിന് എക്സാലോജിക് എന്തെങ്കിലും തരത്തിലുള്ള ഐടി സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന ഒരൊറ്റ രേഖ പോലും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. കരിമണൽ കമ്പനിയിലെ ഐടി ഡെവലപ്പർമാർക്ക് പോലും ഇത്തരമൊരു സേവനത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. എക്സാലോജിക്കുമായുള്ള ഇടപാട് അവസാനിച്ച ശേഷം സിഎംആർഎൽ യഥാർത്ഥത്തിൽ ഐടി സേവനങ്ങൾക്കായി കരാറിലേർപ്പെട്ട എറ്റിഎൻഎ ടെക്നോളജീസിന് നൽകിയ തുകയേക്കാൾ 75 മടങ്ങ് അധികമാണ് ഒരു സേവനവും നൽകാതെ വീണ കൈപ്പറ്റിയത്. കമ്പനികൾ തമ്മിൽ പണമിടപാടിനല്ലാതെ മറ്റ് ആശയവിനിമയങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. കൂടാതെ ശശിധരൻ കർത്തയുടെ മറ്റൊരു കമ്പനിയിൽ നിന്ന് എക്സാലോജിക്കിന് ലഭിച്ച 50 ലക്ഷം രൂപ വായ്പയിൽ നാല് ലക്ഷം രൂപ മാത്രമാണ് തിരികെ അടച്ചതെന്നും റിപ്പോർട്ടിലുണ്ട്. കടുത്ത സാമ്പത്തിക ക്രമക്കേടുകൾ വ്യക്തമാക്കുന്ന കമ്പനികാര്യചട്ടം 447-ാം വകുപ്പ് പ്രകാരമാണ് എസ്എഫ്ഐഒ കേസ് ചാർജ് ചെയ്തിരിക്കുന്നത്, ഇത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലേക്കും വഴിതുറന്നിരിക്കുകയാണ്.

Summary: The SFIO investigation report reveals that Chief Minister Pinarayi Vijayan’s daughter, T. Veena, received Rupees 2.78 crore from CMRL without providing any actual IT services. Her company, Exalogic, was functioning at a loss, and the mineral company served as its primary source of income with monthly payments of Rupees 8 lakh between 2017 and 2020. Due to a complete lack of transactional evidence and suspected financial irregularities, the case has been charged under Section 447 of the Companies Act, drawing ED attention.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.