കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു വി.ഡി. സതീശന്റെ ‘വനവാസം’ പ്രഖ്യാപനം. വോട്ടെടുപ്പ് കഴിഞ്ഞും ആ വാക്ക് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കെ, പദപ്രയോഗത്തിലെ ആ സാമ്യം ഒരു നിമിത്തം പോലെ പ്രതിപക്ഷ നേതാവിനെ തേടിയെത്തിയിരിക്കുകയാണ്. വാഗമണ്ണിൽ പ്രവർത്തനമാരംഭിക്കുന്ന ‘വനവാസം’ എന്ന റിസോർട്ട് ഉദ്ഘാടനം ചെയ്യുന്നത് വി.ഡി. സതീശനാണ്.(VD Satheesan to inaugurate ‘Vanavasam’, It’s just that it’s a resort!)
തിരഞ്ഞെടുപ്പ് വിവാദങ്ങൾക്കും ഏറെ മുമ്പേ നിശ്ചയിച്ച പേരാണിതെന്ന് ഉടമകൾ വ്യക്തമാക്കുന്നു. ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ പേര് കേട്ട് തനിക്കും തമാശയാണ് തോന്നിയതെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതിനിടയിൽ വനയാത്രകൾക്കും ട്രക്കിങ്ങിനുമായി സമയം കണ്ടെത്തുകയാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം പരുന്തുംപാറ സന്ദർശിച്ചതിന്റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. “വനത്തിലാണ്, വനവാസത്തിലല്ല” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഭാര്യക്കും മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള യാത്രയുടെ ദൃശ്യങ്ങൾ അദ്ദേഹം പോസ്റ്റ് ചെയ്തത്.

