തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി: നടപടിക്കൊരുങ്ങി സി.പി.എം

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിലടക്കം അടിമുടി വീഴ്ച സംഭവിച്ചുവെന്നായിരുന്നു സമിതി കണ്ടെത്തൽ. ഈമാസം അവസാനമോ അടുത്തമാസം ആദ്യമോ നടപടി പ്രഖ്യാപിക്കുമെന്നാണ് വിവരം.
മികച്ച വിജയവുമായി രണ്ടാമതും അധികാരത്തിലെത്തിയ പിണറായി സർക്കാർ ശുഭപ്രതീക്ഷ വെച്ചുപുലർത്തിയ ഒന്നായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. അനിശ്ചിതത്വത്തിന് ഒടുവിൽ നാടകീയമായാണ് ഡോ. ജോ ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ വിജയമാണ് ഇടതുമുന്നണി കണക്കുകൂട്ടിയിരുന്നത്. യു.ഡി.എഫ് മണ്ഡലമായി അറിയപ്പെടുന്ന തൃക്കാക്കര പിടിച്ചെടുത്ത് നിയമസഭയിൽ എൽ.ഡി.എഫ് അംഗസംഖ്യ 100 തികക്കുമെന്നും അവകാശപ്പെട്ടു.
യു.ഡി.എഫ് വലിയ തർക്കങ്ങളില്ലാതെ പി.ടി. തോമസിന്റെ ഭാര്യ ഉമയെ സ്ഥാനാർഥിയാക്കി ആദ്യമുന്നേറ്റം നടത്തിയപ്പോൾ സ്ഥാനാർഥി നിർണയത്തിൽ സർവത്ര ആശയക്കുഴപ്പമായിരുന്നു ഇടതുപക്ഷത്ത്. മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും തമ്പടിച്ച് നടത്തിയ പ്രചാരണം അൽപംപോലും ഏശിയില്ല. ഉമ തോമസ് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.