കൊച്ചി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ സി.പി.എം. വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ഗുണ്ടെറിഞ്ഞ കേസിൽ സി.പി.എം. പ്രവർത്തകൻ പോലീസ് പിടിയിലായി. നെടുമ്പാശ്ശേരി തെക്കേപ്പറമ്പിൽ തിലകൻ (56) ആണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി പഞ്ചായത്ത് 16-ാം വാർഡ് മെമ്പറായ ബിന്ദു സാബുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.(Attack on CPM woman panchayat member's house)
വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്ന് രാത്രി ഒമ്പത് മണിയോടെയാണ് തിലകൻ ഗുണ്ടെറിഞ്ഞത്. ഗുണ്ട് വീണത് മതിലിന് പുറത്തായതിനാലാണ് വൻ അപകടം ഒഴിവായതെന്ന് ബിന്ദു സാബു പറഞ്ഞു. സംഭവസമയം വീടിന്റെ കാർ പോർച്ചിൽ ബൈക്കും കാറും ഉണ്ടായിരുന്നു. സാധാരണയായി തനിച്ചാണ് താമസിക്കാറെങ്കിലും സംഭവ ദിവസം മകനും വീട്ടിലുണ്ടായിരുന്നത് അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാൻ കരുത്തായെന്ന് ബിന്ദു പ്രതികരിച്ചു.
തിലകനും തനിക്കും തമ്മിൽ വ്യക്തിപരമായ തർക്കങ്ങളോ മുൻ വൈരാഗ്യമോ ഇല്ലെന്ന് ബിന്ദു വ്യക്തമാക്കി. വാർഡിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ബിന്ദു സാബു ശ്രമിച്ചു എന്ന് ആരോപിച്ചാണ് തിലകൻ ഗുണ്ടെറിഞ്ഞതെന്നാണ് വിവരം. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.