തിരുവനന്തപുരം: യു.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ വിശാലമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി മുന്നണി മാറുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽ.ഡി.എഫിലെയും എൻ.ഡി.എയിലെയും കക്ഷികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ പ്ലാറ്റ്‌ഫോമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.(UDF will expand its base, VD Satheesan)
മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുന്ന വിപുലമായ പ്ലാറ്റ്‌ഫോമായി യു.ഡി.എഫ്. മാറും. ഒരുപാട് വിഭാഗം ജനങ്ങളെ ഉൾപ്പെടുത്താൻ കഴിയുന്ന മുന്നണിയായിരിക്കും ഇതെന്നും സതീശൻ പറഞ്ഞു. യു.ഡി.എഫിലേക്ക് പുതിയ ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കും.
"ഞങ്ങൾ ആരെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു അഭിപ്രായപ്രകടനം ആരും നടത്തേണ്ടതില്ല," അദ്ദേഹം പറഞ്ഞു. കോൺഗ്രസിലേക്ക് ആരെ കൊണ്ടുവരണമെന്ന് കെ.പി.സി.സി.യാണ് തീരുമാനിക്കുക. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതുകൊണ്ട് എല്ലാം ആയി എന്ന് വിചാരമില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാൻ ഇതിനേക്കാൾ കഠിനാധ്വാനം ആവശ്യമാണ്. പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും അവരെ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി ചെയ്യും. ആ ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.