പയ്യന്നൂരിൽ പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് | Students
കണ്ണൂർ : പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സ്കൂളിലെ താൽക്കാലിക അധ്യാപകനായ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.(Complaint alleging that a teacher brutally beat up Plus Two students in Kannur)
വിനോദയാത്രയ്ക്കിടെയുണ്ടായ തർക്കത്തിലെ വൈരാഗ്യമാണ് മർദനത്തിനു കാരണമെന്ന് പോലീസ് പറയുന്നു. പ്രശ്നം പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ ജോൺ വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലിജോ ജോണും സുഹൃത്തുക്കളും ചേർന്ന് വിദ്യാർത്ഥികളെ വളഞ്ഞിട്ട് മർദിച്ചെന്നാണ് കുട്ടികൾ പറയുന്നത്.
നാലുപേർ ചേർന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് വിദ്യാർത്ഥികളെ മർദിച്ചത്. വടി ഉപയോഗിച്ചും ആക്രമിച്ചു. മർദനമേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് വീട്ടുകാരാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
