പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക് വീണ്ടും വർധിച്ചു. ഈ തീർത്ഥാടന കാലയളവിൽ ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ തിരക്ക് കുറഞ്ഞതിന് ശേഷം ഇന്ന് വീണ്ടും ഭക്തജനത്തിരക്ക് വർധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ അര ലക്ഷത്തോളം പേരാണ് ദർശനം നടത്തിയത്.(The number of people who visited Sabarimala has crossed 2.5 million)
ഇന്നലെ 65,632 പേർ മാത്രമാണ് ദർശനത്തിനെത്തിയത്. ഈ തീർത്ഥാടന കാലത്തെ ഏറ്റവും കുറഞ്ഞ തിരക്ക് രേഖപ്പെടുത്തിയതും ഇന്നലെയായിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ഒരു ലക്ഷത്തി പതിനായിരത്തിലധികം ഭക്തരെത്തിയിരുന്നു.
കാനന പാതകളിലൂടെ ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഇതുവരെ ഒരു ലക്ഷത്തിലധികം ഭക്തർ വിവിധ കാനന പാതകളിലൂടെ ദർശനം നടത്തിയിട്ടുണ്ട്. മണ്ഡല പൂജയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പുരോഗമിക്കുകയാണ്.
മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി ഘോഷയാത്ര ഈ മാസം 23-ന് ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ഘോഷയാത്ര 26-ന് സന്നിധാനത്തെത്തും. ഈ വർഷത്തെ മണ്ഡല പൂജ 27-നാണ് നടക്കുക.