ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നീ പ്രതികളെ SIT കസ്റ്റഡിയിൽ വിട്ട് കോടതി; സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷ തള്ളി | Sabarimala

രണ്ട് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്
Sabarimala gold theft case, Unnikrishnan Potty and Murari Babu in SIT custody
Updated on

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ട് പ്രതികളെ കൊല്ലം വിജിലൻസ് കോടതി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്.ഐ.ടി.) കസ്റ്റഡിയിൽ വിട്ടു. ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെയാണ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കട്ടിളപ്പാളി മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് പോറ്റിയെ കസ്റ്റഡിയിൽ വാങ്ങിയത്.(Sabarimala gold theft case, Unnikrishnan Potty and Murari Babu in SIT custody)

ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിലാണ് മുരാരി ബാബുവിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. കേസിൽ പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലൻസ് കോടതി തള്ളി. ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിന് കേസിൽ പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജൻ ഹാജരായി.

തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്തമെന്നും സുധീഷിനല്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സുധീഷിന് പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എസ്.ഐ.ടി.യുടെ കണ്ടെത്തലുകൾ പ്രകാരം ശിൽപ്പപ്പാളിയും വാതിൽ പടിയും സ്വർണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും, ഇത് 'ചെമ്പുതകിടുകൾ' എന്ന് എഴുതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ ശുപാർശക്കത്ത് എഴുതിയത് സുധീഷ് കുമാറാണ്.

തകിടുകൾ കൊടുത്തുവിട്ടപ്പോൾ തയ്യാറാക്കിയ മഹസറുകളിൽ 'ചെമ്പുതകിടുകൾ' എന്ന് മാത്രം എഴുതി സ്വർണം കവരാൻ സുധീഷ് കുമാർ സാഹചര്യമൊരുക്കി. മഹസർ എഴുതിയപ്പോൾ സ്ഥലത്ത് ഇല്ലാതിരുന്ന ഉദ്യോഗസ്ഥരും ഉണ്ടെന്ന് രേഖപ്പെടുത്തിയതും ഇയാളാണെന്നാണ് വിവരം. ഇളക്കിയെടുത്ത പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നേരിട്ട് കൊടുക്കുന്നു എന്ന് മഹസർ എഴുതിയശേഷം, പോറ്റിയുടെ രണ്ട് സുഹൃത്തുക്കളുടെ കൈവശം കൊടുത്തുവിട്ടതും സുധീഷായിരുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com