തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പുതിയ കാര്യമല്ലെന്നും, ശബരിമല സ്വർണക്കൊള്ള വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പിൽ തിരിച്ചടിയായ യഥാർത്ഥ കാരണങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ പറയാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Arya was a better mayor than me, says Minister V Sivankutty)
ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പാണ്. ഫലത്തെ സ്വാഗതം ചെയ്യുകയും ജനവിധിയെ മാനിക്കുകയും ചെയ്യുന്നു. മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ട്, പുതിയ കാര്യമല്ല. പരിശോധിച്ച് കൂടുതൽ ശക്തിയോടെ മുമ്പോട്ട് വരും," മന്ത്രി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസ് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് സ്വതന്ത്രനെ പിന്തുണച്ച് ഭരണസമിതി രൂപീകരിക്കുമോ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ജനാധിപത്യപരമായി അധികാരത്തിൽ വന്ന ഭരണസമിതിയെ അട്ടിമറിക്കാൻ ശ്രമിക്കില്ല എന്നായിരുന്നു.
മുൻ മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. "തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം ലഭിച്ചിരുന്നെങ്കിൽ ആര്യ മികച്ച മേയർ എന്ന് എല്ലാവരും പറഞ്ഞേനെ. എന്നെക്കാൾ മികച്ച മേയറായിരുന്നു ആര്യ. അഞ്ച് വർഷം തിരുവനന്തപുരം മേയർ ആയിരുന്നയാളാണ് ഞാൻ. ഞാൻ മേയറായിരുന്ന കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നിട്ടുണ്ട്," മന്ത്രി പറഞ്ഞു.
കേന്ദ്ര ലേബർ കോഡുകൾക്കെതിരെ കേരളം ശക്തമായ പ്രതിരോധം തീർക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ബദൽ തൊഴിൽ നയം രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ 19-ന് തിരുവനന്തപുരത്ത് ലേബർ കോൺക്ലേവ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.