റോഡില്‍ ഇറച്ചി മാലിന്യം തളളിയതിന് തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സ്റ്റിക്കര്‍ പതിച്ച വാഹനം പിടിയില്‍

റോഡില്‍ ഇറച്ചി മാലിന്യം തളളിയതിന് തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സ്റ്റിക്കര്‍ പതിച്ച വാഹനം പിടിയില്‍
 കൊല്ലം: റോഡില്‍ ഇറച്ചി മാലിന്യം തളളിയതിന് തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സ്റ്റിക്കര്‍ പതിച്ച വാഹനം പിടിയില്‍. വാഹനത്തെ പിന്തുടര്‍ന്ന് എത്തിയ മറ്റ് യാത്രക്കാരാണ് വാഹനം പിടികൂടിയത്. തുടർന്ന് സ്റ്റിക്കര്‍ പതിച്ച വണ്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മണ്ണാഞ്ചേരി പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍ മിനി ലോറിയില്‍ നിന്നും മാംസാവശിഷ്ടങ്ങള്‍ ദേശീയപാതയിലേക്ക് ഒഴുക്കുകയായിരുന്നു.സംഭവം കണ്ടതോടെ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് യാത്രക്കാര്‍ വാഹനത്തെ തടഞ്ഞു നിര്‍ത്തിയത്. അതേസമയം,  ഇവ മാലിന്യസംസ്‌കരണത്തിന് വേണ്ടി തിരുവനന്തപുരത്ത് നിന്നും എടയാറിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് ഡ്രൈവര്‍ പറഞ്ഞത്.എന്നാല്‍ നഗരസഭയുമായി ബന്ധപ്പെട്ട രേഖകളോ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകളോ ഡ്രൈവറുടെ പക്കല്‍ ഉണ്ടായിരുന്നില്ല. മാലിന്യം പൊതുസ്ഥലത്ത് തളളിയതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും രേഖകള്‍ ഹാജരാക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share this story