

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിക് ബസുകൾ കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ മാത്രമേ സർവീസ് നടത്താവൂ എന്ന മേയർ വി.വി. രാജേഷിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. മേയറുടെ ആവശ്യം അങ്ങേയറ്റം ബാലിശവും അപക്വവുമാണെന്നും, നാടിന്റെ വികസനത്തെ സങ്കുചിതമായി കാണുന്ന ഇത്തരം ഭരണാധികാരികൾ തലസ്ഥാന നഗരത്തിന് അപമാനമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സ്മാർട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതമാണ് നൽകുന്നത്. പദ്ധതി തുകയുടെ 60 ശതമാനത്തോളം സംസ്ഥാന ഖജനാവിൽ നിന്നാണ് ചെലവാക്കുന്നത്. കോർപ്പറേഷന്റെ വിഹിതം 135.7 കോടി രൂപ മാത്രമാണ്. സ്മാർട്ട് സിറ്റി ബസുകൾ കൂടാതെ 50 ഇലക്ട്രിക് ബസുകൾ കെ.എസ്.ആർ.ടി.സിയുടെ സ്വന്തമാണ്. ഡ്രൈവർ, കണ്ടക്ടർ, മെയിന്റനൻസ് തുടങ്ങിയ മുഴുവൻ സംവിധാനങ്ങളും ഒരുക്കുന്നത് കെ.എസ്.ആർ.ടി.സിയാണ്.
ത്രികക്ഷി കരാർ പ്രകാരം മേയർക്ക് ഉപദേശക സമിതി അധ്യക്ഷനാകാം എന്നല്ലാതെ ബസുകൾ എവിടെ ഓടണമെന്ന് ഒറ്റയ്ക്ക് തീരുമാനിക്കാൻ അധികാരമില്ല. തിരുവനന്തപുരം ഒരു കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നതല്ല, ലക്ഷക്കണക്കിന് ആളുകൾ വന്നുപോകുന്ന സംസ്ഥാന തലസ്ഥാനമാണ്. ജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് പകരം അതിർത്തിയിൽ വരമ്പുവെച്ച് തടയരുതെന്നും മന്ത്രി വിമർശിച്ചു.
ഇലക്ട്രിക് ബസ് ലാഭകരമാണോ എന്നതിനെച്ചൊല്ലി നേരത്തെ തന്നെ ഭരണ-പ്രതിപക്ഷ തർക്കം നിലനിൽക്കുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.