

കഴക്കൂട്ടം: കഴക്കൂട്ടത്തെ ലോഡ്ജ് മുറിയിൽ അതിഥി തൊഴിലാളിയുടെ മകൻ ഗിൽദർ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്തായ മഹാരാഷ്ട്ര താനേ സ്വദേശി ഡി യാസീൻ കാതരിയെ (29) കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. അമ്മയോടുള്ള വൈരാഗ്യമാണ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായതെന്ന് പ്രതി സമ്മതിച്ചു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ലോഡ്ജ് മുറിയിൽ കുട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലുണ്ടായിരുന്ന ടവ്വൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ കഴുത്തിലെ എല്ല് പൊട്ടിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് അമ്മ മുന്നീബീഗത്തെയും പ്രതിയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
കുട്ടി ബോധരഹിതനായപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച അമ്മയെ പ്രതി തടഞ്ഞിരുന്നു. പിന്നീട് നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ കഴുത്തിലെ പാടും വായിൽ നിന്ന് രക്തം വന്നതും കണ്ട് സംശയം തോന്നിയ നാട്ടുകാർ നൽകിയ പരാതിയാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്.
ഭർത്താവുമായി പിണങ്ങിക്കഴിയുന്ന മുന്നീബീഗവും പ്രതിയും ഒരാഴ്ച മുൻപാണ് ലോഡ്ജിൽ മുറിയെടുത്തത്. ഇവർക്കിടയിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയുടെ പിതാവ് എത്തിയ ശേഷം മൃതദേഹം വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.