

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഹാജരായി മൊഴി നൽകിയ കാര്യത്തിൽ മാധ്യമങ്ങൾ ദുരൂഹത സൃഷ്ടിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. കഴിഞ്ഞ ശനിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് താൻ മൊഴി നൽകിയത്. ഒളിച്ചും പാത്തുമാണ് പോയതെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ സ്ഥിരമായി ഉപയോഗിക്കുന്ന എം.എൽ.എ ബോർഡ് വെച്ച കാറിലാണ് അവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റി എന്നയാളെ സഹായിക്കാൻ താൻ കുറിപ്പ് നൽകിയെന്നോ ഉത്തരവിട്ടെന്നോ ആരോപിക്കുന്നവർ, അത്തരമൊരു ഫയലുണ്ടെങ്കിൽ അത് പുറത്തുവിടാൻ തയ്യാറാകണം. സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
തന്റെ മണ്ഡലത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ വീട് നിർമ്മിച്ചു നൽകി എന്ന ആരോപണം തെറ്റാണ്. സുമനസ്സുകളുടെ സഹായത്തോടെ നിരവധി വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. അതിൽ ഇത്തരത്തിൽ ഒന്ന് ഉണ്ടെങ്കിൽ അത് ജനങ്ങളെ കാണിക്കാൻ മാധ്യമങ്ങൾ ഹൃദയവിശാലത കാട്ടണം.
സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും ഒരു തെളിവുപോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് ഈ കുറിപ്പെന്നും ജനങ്ങൾ മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങളിൽ വീഴരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.