പക്ഷിപ്പനി: ആലപ്പുഴയിൽ നിയന്ത്രണങ്ങൾ നീക്കി; ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാം, ആശ്വാസത്തിൽ വ്യാപാരികൾ | Alappuzha Bird Flu

പക്ഷിപ്പനി: ആലപ്പുഴയിൽ നിയന്ത്രണങ്ങൾ നീക്കി; ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാം, ആശ്വാസത്തിൽ വ്യാപാരികൾ | Alappuzha Bird Flu
Updated on

ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി ഭീതിയെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇതോടെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിനും കോഴി, താറാവ്, കാട എന്നിവയുടെ മാംസവും മുട്ടയും വിൽക്കുന്നതിനും അനുമതിയായി. ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലും ജില്ലയിലെ 32 പഞ്ചായത്തുകളിലുമാണ് നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്ങ്) നടപടികൾക്കും അണുനശീകരണത്തിനും ശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംശയമുള്ള മൂന്ന് സാംപിളുകൾ കൂടി ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നത് വരെ ജാഗ്രത തുടരും.

മുന്നറിയിപ്പില്ലാതെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരെ ഉദ്യോഗസ്ഥർ ഇറക്കിവിട്ടതിനെത്തുടർന്ന് ഹോട്ടലുടമകൾ വലിയ പ്രതിഷേധത്തിലായിരുന്നു. ഡിസംബർ 30 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്.

ജില്ലയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് രോഗവ്യാപനം തടയാനായി കൊന്നൊടുക്കിയത്. രോഗം താറാവുകളിൽ മാത്രമാണ് സ്ഥിരീകരിച്ചതെന്നതും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചില്ലെന്നതും ആശ്വാസകരമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധനകൾ തുടരുമെങ്കിലും വിൽപനയ്ക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com