നിലമ്പൂർ: പുതുവത്സരാഘോഷങ്ങൾക്കായി വിൽപനയ്ക്ക് എത്തിച്ച 34 ലിറ്റർ വിദേശമദ്യവുമായി യുവതി എക്സൈസ് പിടിയിലായി. വെള്ളാരംകുന്ന് വണ്ടാളി സ്വദേശി ബേബി (38) ആണ് അറസ്റ്റിലായത്. എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ഇവരുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന് പിന്നിൽ മണ്ണിൽ കുഴിിച്ചിട്ട നിലയിലായിരുന്നു മദ്യശേഖരം കണ്ടെത്തിയത്.
പുതുവത്സരത്തോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ എക്സൈസ് നടത്തുന്ന പ്രത്യേക പരിശോധനയുടെ (Special Drive) ഭാഗമായാണ് നടപടി. പിടിയിലായ ബേബി മുൻപും അബ്കാരി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി മദ്യം അനധികൃതമായി ശേഖരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മുൻപ് ഇത്തരം കേസുകളിൽ പെട്ടവരെ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു.
നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു പി. എബ്രഹാമിന്റെ നേതൃത്വത്തിൽ സി.കെ. റംഷുദ്ദീൻ, കെ. ആബിദ്, ഇ. ഷീന, വിഷ്ണുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.