ആശുപത്രികളില്‍ ഇനി സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനവും; ഘട്ടംഘട്ടമായി എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും പദ്ധതി

സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എം.എസ്.ഡബ്ല്യു./ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുക. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പുതിയ നടപടി. അത്യാഹിത വിഭാഗത്തില്‍ സമയബന്ധിതമായി മികച്ച ചികിത്സ നല്‍കുന്നതിനൊപ്പം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സഹായകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. ജനങ്ങള്‍ക്ക് സഹായകരമാകുന്ന പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരുടെ സേവനം വിനിയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.

മെഡിക്കല്‍ കോളജുകളില്‍ ജനസൗഹൃദ അന്തരീക്ഷം ഉണ്ടാക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്നത്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കണ്‍ട്രോള്‍ റൂമും പി.ആര്‍.ഒ. സേവനവും ലഭ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചു.