തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലെ അംഗമാണ് വിജയകുമാർ. കേസിൽ ഹൈക്കോടതിയുടെ കർശനമായ ഇടപെടലിന് പിന്നാലെയാണ് ഈ അറസ്റ്റ്.(Sabarimala gold theft case, Former Devaswom board member Vijayakumar arrested0
തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിൽ നേരിട്ടെത്തി കീഴടങ്ങിയ വിജയകുമാറിന്റെ അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷം രേഖപ്പെടുത്തുകയായിരുന്നു. കീഴടങ്ങുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ താൻ നിരപരാധിയാണെന്ന് വിജയകുമാർ അവകാശപ്പെട്ടു. ഒളിവിലായിരുന്ന വിജയകുമാറിനോട് കീഴടങ്ങാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിർദ്ദേശിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ഭയന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ അദ്ദേഹം പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.
കേസിൽ സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയുടെ മുൻ നേതാവ് കൂടിയായ വിജയകുമാറിന്റെ അറസ്റ്റ് സർക്കാരിനും പാർട്ടിക്കും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. കേസിലെ മറ്റൊരു അംഗമായ കെ.പി. ശങ്കർദാസിനെ കണ്ടെത്താനുള്ള നീക്കങ്ങളും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
കേസിൽ ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസിലെ മറ്റ് അംഗങ്ങളായ ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം നീളാത്തതിൽ എസ്.ഐ.ടിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
കോടതിയുടെ ഭാഗത്തുനിന്നും കർശന നിലപാടുണ്ടായതോടെ അറസ്റ്റ് ഭയന്ന് വിജയകുമാറും ശങ്കർദാസും മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വിജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ ബോർഡിലെ മുഴുവൻ അംഗങ്ങൾക്കും പങ്കുണ്ടെന്നാണ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി. ബോർഡ് എടുത്ത തീരുമാനങ്ങളിൽ എല്ലാവർക്കും തുല്യ പങ്കാണുള്ളതെന്നും പത്മകുമാർ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.