തിരുവനന്തപുരം: വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ കുളത്തിൽ വീണ ബാലനെ രക്ഷിക്കുന്നതിനിടയിൽ ബിജെപി സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്. വിഴിഞ്ഞം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി സർവശക്തിപുരം ബിനുവിനാണ് രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റത്. കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ബിനുവിന്റെ കാലിലെ ലിഗ്മെന്റിന് സാരമായ പരിക്കേറ്റു.(BJP candidate from Vizhinjam injured while saving a 10-year-old boy)
വിഴിഞ്ഞം സ്വദേശിയായ മുഹമ്മദ് അഫ്സാൻ എന്ന പത്തുവയസ്സുകാരൻ സൈക്കിളുമായി കൈവരിയില്ലാത്ത കുളത്തിലേക്ക് വീഴുകയായിരുന്നു. പ്രചാരണത്തിലായിരുന്ന ബിനു ഇത് കണ്ടയുടൻ മറ്റൊന്നും ചിന്തിക്കാതെ കുളത്തിലേക്ക് എടുത്തുചാടി. കുട്ടിയെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചെങ്കിലും ഇതിനിടയിൽ ബിനുവിന്റെ വലതുകാലിന് പരിക്കേറ്റു. പരിശോധനയിൽ ലിഗ്മെന്റ് പൊട്ടിയതായി കണ്ടെത്തി. പരിക്കേറ്റ മുഹമ്മദ് അഫ്സാനും ചികിത്സ തേടിയിട്ടുണ്ട്.
കാലിന് പരിക്കേറ്റ് വിശ്രമത്തിലാണെങ്കിലും പ്രചാരണ രംഗത്ത് ബിനു സജീവമാണ്. വരും ദിവസങ്ങളിൽ വീൽചെയറിൽ പ്രചാരണത്തിനിറങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബിനുവിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. "സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ബിനു ആ കുഞ്ഞിനെ രക്ഷിച്ചത്. അഫ്സാൻ സുരക്ഷിതനാകണം എന്നതിനായിരുന്നു ബിനു മുൻഗണന നൽകിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ബിജെപി/എൻഡിഎ പ്രവർത്തകരുടെ ഡിഎൻഎ ആണ്," അദ്ദേഹം എക്സിൽ കുറിച്ചു.