പാലക്കാട്: തച്ചനാട്ടുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അംഗത്തിന്റെ വോട്ട് എൽ.ഡി.എഫിന് ലഭിച്ചു. ഒന്നാം വാർഡായ തള്ളച്ചിറയിലെ ലീഗ് അംഗം സീനത്താണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. വൻ ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ അംഗത്തിന്റെ വോട്ട് മാറിയത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.(Muslim League member's vote for LDF in Thachanattukara panchayat)
യു.ഡി.എഫിൽ നിന്ന് വി.ഡി. മണികണ്ഠൻ മാസ്റ്ററും എൽ.ഡി.എഫിൽ നിന്ന് എ.കെ. വിനോദുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് 13-ഉം എൽ.ഡി.എഫിന് 5-ഉം അംഗങ്ങളാണുള്ളത്.
വോട്ടെടുപ്പ് പൂർത്തിയായപ്പോൾ യു.ഡി.എഫിന് 12 വോട്ടും എൽ.ഡി.എഫിന് 6 വോട്ടും ലഭിച്ചു. ലീഗ് അംഗത്തിന്റെ വോട്ട് ലഭിച്ചതോടെ എൽ.ഡി.എഫിന്റെ വോട്ട് വിഹിതം അഞ്ചിൽ നിന്ന് ആറായി ഉയർന്നു. വോട്ട് മാറിയത് അശ്രദ്ധമൂലം സംഭവിച്ച അബദ്ധമാണെന്നാണ് സീനത്ത് നൽകുന്ന വിശദീകരണം.