'മച്ചിപ്പശുക്കളെ തൊഴുത് മാറ്റിക്കെട്ടുന്ന പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന'; പരിഹസിച്ച് സുരേന്ദ്രൻ

തൃശൂർ: മച്ചിപ്പശുക്കളെ തൊഴുത് മാറ്റിക്കെട്ടുന്ന പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ മന്ത്രിസഭയെന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകൻ മന്ത്രിയുമാണെന്നും മറ്റ് മന്ത്രിമാർക്ക് ഒരു റോളുമില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.

ഈ മന്ത്രിസഭ പുനഃസംഘടന കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ല. നാഥനില്ലാ കളരിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് മാറി. പിഞ്ച് കുഞ്ഞുങ്ങൾ പോലും പീഡിപ്പിക്കപ്പെടുകയാണ്. സമ്പൂർണമായ ഭരണസ്തംഭനമാണ് സംസ്ഥാനത്തുള്ളത്. പിണറായിയുടെ ഭരണത്തിൽ ജനം കഷ്ടപ്പെടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മാരക രോഗങ്ങൾ തിരിച്ച് വരുന്നത് ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടാണെന്നും ആരോഗ്യ വകുപ്പ് വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്തതാണ് നിപ വീണ്ടും പടർന്ന് പിടിക്കാൻ കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകിക്കാടിന്റെ ചുറ്റുമുള്ള പേരാമ്പ്രയിൽ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പനിയുള്ളവരുടെ സാന്പിളുകൾ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.