കോട്ടയത്ത് UDFൽ അധ്യക്ഷ സ്ഥാനത്തിനായി പോര് | UDF

വിജയാഹ്ലാദം തർക്കത്തിലേക്ക് മാറാതിരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
Fight for the post of president in Kottayam in UDF
Updated on

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൻ മുന്നേറ്റം നടത്തിയ യുഡിഎഫിന് അധ്യക്ഷന്മാരെ നിശ്ചയിക്കുന്നത് കടുത്ത വെല്ലുവിളിയാകുന്നു. ജില്ലാ പഞ്ചായത്ത്, കോട്ടയം, ഏറ്റുമാനൂർ നഗരസഭകൾ എന്നിവിടങ്ങളിൽ ഒന്നിലധികം അവകാശികൾ രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണം. (Fight for the post of president in Kottayam in UDF)

കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ജനറൽ ആണ്. ഇവിടെ രണ്ട് പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. ജോഷി ഫിലിപ്പിനായി ഒരു വിഭാഗം ശക്തമായ സമ്മർദ്ദം ചെലുത്തുന്നു. സിപിഎം കോട്ടയായ കുമരകത്ത് അട്ടിമറി വിജയം നേടിയ പി കെ വൈശാഖിനെ യുവ മുഖമെന്ന നിലയിൽ പ്രസിഡന്റ് ആക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.

വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാൽ കേരള കോൺഗ്രസിന് അത് നൽകാൻ കഴിയില്ല. പകരം ഒരു ടേം പ്രസിഡന്റ് സ്ഥാനം വേണമെന്ന ആവശ്യം കേരള കോൺഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്.

കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാണ്. തുടർച്ചയായ ആറാം തവണയും വിജയിച്ച എം.പി. സന്തോഷ് കുമാർ, യുവനേതാവ് ടോം കോര, മുതിർന്ന നേതാവ് ടി.സി. റോയി എന്നിവർക്കായി വിവിധ ഗ്രൂപ്പുകൾ വാദിക്കുന്നു. കെപിസിസി സർക്കുലർ പ്രകാരം സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്താനാണ് കോൺഗ്രസ് നീക്കം.

ജില്ലാ പഞ്ചായത്തിന് പുറമെ ഏറ്റുമാനൂർ നഗരസഭ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും അതിരമ്പുഴ, നെടുങ്കുന്നം, കാണക്കാരി, തൃക്കൊടിത്താനം, കടനാട് പഞ്ചായത്തുകളിലും ആദ്യ ടേം അധ്യക്ഷ സ്ഥാനം വേണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഇത് സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com