കൊച്ചി മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ കോളിളക്കം: മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ദീപ്തി മേരി വർഗീസ്, KPCC ഇടപെടുമോ ? | Kochi Mayor

ഗ്രൂപ്പ് ധാരണ പ്രകാരം പദവി പങ്കിടും
Uproar in Congress over Kochi Mayor post, Will KPCC intervene?
Updated on

കൊച്ചി: കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ എറണാകുളം കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ദീപ്തി മേരി വർഗീസിനെ വെട്ടി മറ്റു ഗ്രൂപ്പുകൾ ധാരണയിലെത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് പ്രഖ്യാപനം നടത്തിയതെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞിരുന്നു.(Uproar in Congress over Kochi Mayor post, Will KPCC intervene?)

വി.കെ. മിനിമോളും ഷൈനി മാത്യുവും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കിടാനാണ് നിലവിലെ തീരുമാനം. രഹസ്യ ബാലറ്റിലൂടെ കൗൺസിലർമാരുടെ അഭിപ്രായം തേടണമെന്ന ദീപ്തി അനുകൂലികളുടെ ആവശ്യം തള്ളിയ നേതൃത്വം, കൗൺസിലർമാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് നേതൃത്വങ്ങളുടെ സമ്മർദ്ദത്തിന് കൗൺസിലർമാർ വഴങ്ങിയെന്നാണ് സൂചന. 20 കൗൺസിലർമാർ ഷൈനി മാത്യുവിനെയും 17 പേർ മിനിമോളെയും പിന്തുണച്ചപ്പോൾ ദീപ്തിക്ക് 4 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനാധിപത്യപരമായ രീതികൾ പാലിക്കപ്പെട്ടില്ലെന്ന് ദീപ്തി മേരി വർഗീസ് തുറന്നടിച്ചു. "മേയർ പദവി കണ്ടല്ല താൻ മത്സരത്തിനിറങ്ങിയത്. എന്നാൽ കെപിസിസി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു. തർക്കമുള്ളപ്പോൾ കെപിസിസി നിരീക്ഷകൻ എത്തി പ്രശ്നം പരിഹരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അതുണ്ടായില്ല. എന്തുകൊണ്ടാണ് അവസാന നിമിഷം രഹസ്യ ബാലറ്റ് ഒഴിവാക്കിയത്? തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ നേതൃത്വം തയ്യാറാകണം." - ദീപ്തി മേരി വർഗീസ്

വിഷയം പുകയുകയാണെങ്കിലും നിലവിൽ പ്രഖ്യാപിച്ച തീരുമാനത്തിൽ മാറ്റം വരുത്താൻ കെപിസിസി തയ്യാറായേക്കില്ലെന്നാണ് സൂചന. ചർച്ചകളിലൂടെ ദീപ്തിയെ അനുനയിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. അതേസമയം, ജില്ലാ പഞ്ചായത്ത് സ്ഥാനങ്ങളിലെ തീരുമാനമെടുക്കാൻ കോൺഗ്രസ് കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com