സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയാണ് കനത്ത മഴയായി കണക്കാക്കുന്നത്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും സെപ്റ്റംബർ 19, 21 തീയതികളിൽ ഇടിയും മിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് ആറര വരെ കേരളത്തിലെ തീരപ്രദേശങ്ങളിൽ 0.6 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര-അന്തരീക്ഷ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.