

തൃശൂർ : ഗുരുവായൂർ മണ്ഡലത്തിൽ ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവുമായി തൃശൂർ ഡിസിസി രംഗത്തെത്തിയത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. അതേസമയം , സീറ്റ് കൈമാറ്റം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. റഷീദ് വ്യക്തമാക്കി. ഇത്തവണ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എന്നാൽ , കാലങ്ങളായി ലീഗ് മത്സരിക്കുന്ന ഈ സീറ്റിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും യുഡിഎഫിന് വിജയിക്കാൻ കഴിയാത്ത സാഹചര്യമാണ് ഡിസിസി ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസ് നേരിട്ട് മത്സരിച്ചാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നിലപാട്. സീറ്റ് ഏറ്റെടുക്കണമെന്ന ജില്ലാ ഘടകത്തിന്റെ ആവശ്യം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ കരുത്തുറ്റ മണ്ഡലമായ ഗുരുവായൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും ലീഗ് സ്ഥാനാർത്ഥികൾക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വോട്ടുകുറവ് പരിഹരിക്കാൻ കോൺഗ്രസ് മത്സരിക്കുന്നതാണ് ഉചിതമെന്ന വികാരം ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർക്കിടയിലുണ്ട്. എന്നാൽ ലീഗിന്റെ ഉറച്ച സീറ്റുകളിൽ ഒന്ന് വിട്ടുനൽകാൻ നേതൃത്വം തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്