

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 20,000-ത്തോളം പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം. അതേസമയം , ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ട് തയ്യാറെടുപ്പുകൾ നടത്തിയ കർഷകർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ജില്ലയിലെ , തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നീ എട്ട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ്, കാട തുടങ്ങിയ എല്ലാ വളർത്തുപക്ഷികളെയും നശിപ്പിക്കാനാണ് തീരുമാനം.
പക്ഷിപ്പനി നിയന്ത്രിക്കുന്നതിനായി പ്രത്യേക ദ്രുതകർമ്മ സേനകളെ (Rapid Response Teams) സജ്ജമാക്കിയിട്ടുണ്ട്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് (NIHSAD) ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം , രോഗബാധിത പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ പക്ഷികളുടെയും മുട്ടയുടെയും കടത്തിനും വില്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയേക്കാം. പക്ഷിപ്പനി ബാധിച്ച മേഖലകളിൽ നിന്നുള്ള താറാവ്, കോഴി ഇറച്ചിയോ മുട്ടയോ ഉപയോഗിക്കരുതെന്ന് ആരോഗ്യവിഭാഗം നിർദ്ദേശിച്ചു.
പക്ഷികളുടെ അസ്വാഭാവിക മരണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള വെറ്ററിനറി ആശുപത്രിയിലോ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. ആലപ്പുഴ കൂടാതെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരസഭയിലും മാഞ്ഞൂർ പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടുത്തെ നാല് ഗ്രാമങ്ങളിലായി അയ്യായിരത്തോളം പക്ഷികളെ കൊന്നൊടുക്കും.