

തിരുവനന്തപുരം: യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് താൻ സംസാരിച്ചുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദങ്ങളെ വെല്ലുവിളിച്ച് കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. മുന്നണി മാറ്റത്തിനായി സതീശനെ വിളിച്ചു എന്ന് തെളിയിച്ചാൽ താൻ തല മൊട്ടയടിച്ച് മീശ കളയാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് തവണ വി.ഡി. സതീശനെ വിളിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ ഫോൺ എടുത്തത് അദ്ദേഹത്തിന്റെ ഗൺമാനാണ്. സതീശൻ യോഗത്തിലാണെന്ന് മാത്രമാണ് മറുപടി ലഭിച്ചത്. അതല്ലാതെ രാഷ്ട്രീയപരമായ ഒരു സംഭാഷണവും നടന്നിട്ടില്ല. സതീശനെപ്പോലെ കള്ളം പറയുന്നവരോട് തർക്കിക്കാൻ തക്ക വലിയ പാർട്ടിയല്ല കാമരാജ് കോൺഗ്രസ്. തർക്കത്തിലൂടെ ആളുകളെ പിണക്കാൻ താല്പര്യമില്ല. ആവശ്യമാണെങ്കിൽ വിളിച്ച ഫോൺ കോളുകളുടെ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാണ്- ചന്ദ്രശേഖരൻ വ്യക്തമാക്കി.
നാല് മാസം മുൻപ് വി.ഡി. സതീശൻ, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുമായി സംസാരിച്ചിരുന്നു. മുൻപ് ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ അതിന്റെ ഗുണം അവർക്ക് ലഭിച്ചു, എന്നാൽ ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എൻ.ഡി.എ മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കും. ആരെയും ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ചിലരെ തോൽപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിലപേശലിന് താനില്ലെന്നും എന്നാൽ അർഹമായ പരിഗണന ലഭിക്കണമെന്നുമാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ നിലപാട്.