പക്ഷിപ്പനി മനുഷ്യരിൽ പകരാതിരിക്കാൻ ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി | bird flu

Veena George
Updated on

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5 എൻ1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേരളത്തിൽ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുൻ കരുതലുകൾ ആവശ്യമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഫീൽഡ് തലത്തിൽ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ആലപ്പുഴ, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം ശക്തിപ്പെടുത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാതല കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകളും പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികളും ഉറപ്പാക്കാൻ നിർദേശം നൽകി. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷികളിൽ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളിൽ സസ്തനികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ അത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ സസ്തനികളിലും പെട്ടെന്നുള്ള മരണമുണ്ടായാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.

പക്ഷികളുടെ പച്ചമാംസം, കാഷ്ടം (വളത്തിനും മറ്റും) കൈകാര്യം ചെയ്യുന്നവർക്ക് റിസ്‌ക് കൂടുതലായതിനാൽ മാസ്‌കുകൾ, കൈയുറകൾ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കുക. തൊഴിലിന്റെ ഭാഗമായി പച്ച മാംസം കൈകാര്യം ചെയ്യുന്നവർ തീർച്ചയായും മാസ്‌ക് ധരിക്കണം. പച്ച മാസം ഒരു കാരണവശാലും കഴിക്കരുത്.

ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ

പക്ഷികളെ ബാധിക്കുന്നതും അവയിൽ നിന്ന് മനുഷ്യരിലേക്ക് പകരാനും സാധ്യതയുള്ള വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. കോഴി, താറാവ്, കാട, വാത്ത, ടർക്കി തുടങ്ങിയ എല്ലാ പക്ഷികളെയും രോഗം ബാധിക്കാം. കേരളത്തിൽ ഇതുവരെ രോഗം മനുഷ്യരെ ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്ത് പക്ഷികളുമായി അടുത്തിടപഴകുന്നവർ എന്നിവർക്ക് രോഗം ബാധിക്കുന്നത് തടയാൻ പൂർണമായ ജാഗ്രത പുലർത്തണം.

പക്ഷികളിലെ രോഗലക്ഷണങ്ങൾ

കൂടുതലായി തൂവൽ കൊഴിയുക, കട്ടി കുറഞ്ഞ തോടോടുകൂടിയ മുട്ട ഇടുക, ഇടുന്ന മുട്ടകളുടെ എണ്ണം കുറയുക, മന്ദത, തീറ്റ കഴിക്കാൻ മടികാണിക്കുക, പൂവ്, കൊക്ക്, ആട തുടങ്ങിയ ഇടങ്ങളിൽ നീല നിറം കാണുക, വയറിളക്കം, കൺപോളകളിലും തലയിലും നീർക്കെട്ടുണ്ടാവുക, മൂക്കിൽനിന്ന് രക്തം കലർന്ന സ്രവം വരിക, ശ്വാസതടസ്സം, നടക്കാനും നിൽക്കാനുമുള്ള ബുദ്ധിമുട്ട്, ശരീരത്തിൽ സൂചിപ്പാടുകൾ പോലുള്ള രക്തസ്രാവം, ശ്വാസം മുട്ടൽ എന്നിവയാണ് രോഗലക്ഷണങ്ങൾ.

മനുഷ്യരിലെ പ്രതിരോധമാർഗങ്ങൾ

രോഗബാധയുണ്ടെന്നു സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കയ്യുറ, മാസ്‌ക്, എന്നിവ ധരിക്കുകയും കൈകൾ കൃത്യമായി സോപ്പും വെള്ളവും ഉപയോഗിച്ച് അടിക്കടി കഴുകുകയും ചെയ്യണം.

പനി ബാധിച്ചാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം.

ചത്തുപോയ പക്ഷികൾ, അവയുടെ മുട്ട, കാഷ്ടം തുടങ്ങിയവ ആഴത്തിൽ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം

രോഗം ബാധിക്കാത്ത സ്ഥലങ്ങളിലെ പക്ഷികളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാവുന്നതാണ്, മുട്ട പുഴുങ്ങിയും കഴിക്കാം. എന്നാൽ പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം.

Related Stories

No stories found.
Times Kerala
timeskerala.com