

കൊച്ചി: എറണാകുളം ഉദയംപേരൂരിൽ ഉദയംപേരൂരിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി ലിനു (40) ഒടുവിൽ മരണത്തിന് കീഴടങ്ങി. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
ലിനു സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഖത്തും ശ്വാസനാളത്തിലും ഗുരുതരമായ പരിക്കേറ്റ ലിനുവിന് ശ്വസിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു (Respiratory Arrest). അപകടസ്ഥലത്തെത്തിയ ഡോ. ബി. മനൂപ് (കോട്ടയം മെഡിക്കൽ കോളേജ്), ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ കെ. തോമസ് (കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി) എന്നിവർ ചേർന്ന് ഒരു നിമിഷം പോലും വൈകാതെ ലിനുവിന് അടിയന്തര ശസ്ത്രക്രിയ നൽകാൻ തീരുമാനിച്ചു.
ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ നാട്ടുകാർ നൽകിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മുറിവുണ്ടാക്കി സ്ട്രോ ശ്വാസനാളത്തിലേക്ക് കടത്തിയാണ് വായുസഞ്ചാരം പുനഃസ്ഥാപിച്ചത് (Surgical Cricothyrotomy). സിനിമാക്കഥകളെ വെല്ലുന്ന ഈ പ്രവൃത്തിക്ക് ഗവർണറും പ്രതിപക്ഷ നേതാവും ഉൾപ്പെടെ വലിയ അഭിനന്ദനങ്ങളാണ് നൽകിയത്.
ആശുപത്രിയിലെത്തിച്ച ശേഷം വെന്റിലേറ്ററിലായിരുന്ന ലിനുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും പരിക്കുകളുടെ തീവ്രത കാരണം വിജയിച്ചില്ല. എറണാകുളം മൗസി ഫുഡ് കമ്പനി റീജിയണൽ മാനേജരായിരുന്നു ലിനു.
മാതാപിതാക്കൾ: ഡെന്നീസ്, മണി (കൊല്ലം ചാച്ചിപുന്ന ലിനേഷ് ഭവനം). ഭാര്യ: ജിജി. മക്കൾ: എയ്ഞ്ചൽ (12), ആൻഡ്രിയ (11).