

എറണാകുളം : കൊച്ചിയിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ മേയർ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായിരുന്നു ദീപ്തി മേരി വർഗീസിന്റേത്. എന്നാൽ, വി.കെ. മിനിമോളിനെ മേയറായും ദീപക് ജോയിയെ ഡെപ്യൂട്ടി മേയറായും നിശ്ചയിച്ചതോടെയാണ് ദീപ്തി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
മേയറോ എംഎൽഎയോ എംപിയോ ആകാനല്ല പാർട്ടിയിൽ വന്നതെന്നും, പ്രസ്ഥാനമാണ് ഏറ്റവും വലുതെന്നും അവർ പറഞ്ഞു. കെപിസിസി എന്ത് തീരുമാനമെടുത്താലും അത് പൂർണ്ണമായി അംഗീകരിക്കും. പാർട്ടി നേതൃത്വം പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. വലിയൊരു രാഷ്ട്രീയ പ്രസ്ഥാനമാകുമ്പോൾ ചില തെറ്റുകൾ സംഭവിച്ചേക്കാം, അവ തിരുത്താൻ പാർട്ടി തയ്യാറാകണം-അവർ പറഞ്ഞു.
അതേസമയം , എ, ഐ ഗ്രൂപ്പുകളുടെ നീക്കങ്ങൾക്കിടയിൽ ദീപ്തിയെ തഴഞ്ഞതിൽ അണികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. കെപിസിസി സർക്കുലർ ഗ്രൂപ്പ് താല്പര്യങ്ങൾക്കായി അട്ടിമറിച്ചുവെന്നാണ് ദീപ്തിയെ അനുകൂലിക്കുന്നവരുടെ ആരോപണം.
കൊച്ചി കോർപ്പറേഷനിലെ 76 സീറ്റുകളിൽ 46 എണ്ണത്തിലും യുഡിഎഫ് വിജയിച്ചതോടെയാണ് ഭരണം തിരിച്ചുപിടിച്ചത്. മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും ഒടുവിൽ വി.കെ. മിനിമോളിന് നറുക്കുവീഴുകയായിരുന്നു. ദീപ്തിയെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ചിലർ കെപിസിസിക്ക് പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്.