

കൊച്ചി: മലയാള സിനിമയിൽ വലിയ വിപ്ലവം സൃഷ്ടിച്ച 'ദൃശ്യം' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്ന സിനിമാ പ്രേമികളെ അമ്പരപ്പിച്ച് അണിയറപ്രവർത്തകരുടെ പുതിയ തീരുമാനം. ജോർജുകുട്ടിയുടെ കഥ പറയുന്ന മലയാളം പതിപ്പിന്റെ റിലീസ് തിയതിയിൽ ധാരണയാകുന്നതിന് മുൻപ് തന്നെ അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്‌ടോബർ രണ്ടിനായിരിക്കും ദൃശ്യം 3 ഹിന്ദി പതിപ്പ് തിയേറ്ററുകളിൽ എത്തുക.
സാധാരണയായി മലയാളം പതിപ്പ് പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷമാണ് മറ്റു ഭാഷകളിലെ റീമേക്കുകൾ എത്താറുള്ളത്. എന്നാൽ ദൃശ്യം 3-യുടെ കാര്യത്തിൽ ഈ പതിവ് മാറുകയാണ്. അജയ് ദേവ്ഗൺ നായകനാകുന്ന പനോരമ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമായിരിക്കും ആദ്യം പ്രേക്ഷകരിലേക്ക് എത്തുക.
ചിത്രം ആദ്യം മലയാളത്തിൽ എത്തുമെന്ന് സംവിധായകൻ മുൻപ് സൂചിപ്പിച്ചിരുന്നെങ്കിലും റിലീസ് തിയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ റിലീസ് കാര്യങ്ങൾ ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസുമാണ് തീരുമാനിക്കുന്നത്. ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സ് വിറ്റിട്ടില്ലെന്നും പനോരമ സ്റ്റുഡിയോസിന് വിദേശ റിലീസുമായി ബന്ധപ്പെട്ട റെവന്യൂ റൈറ്റ്‌സ് മാത്രമാണ് നൽകിയിട്ടുള്ളതെന്നും സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും നിലവിലെ അവസ്ഥയും അവർ നേരിടുന്ന പുതിയ പ്രതിസന്ധികളുമാണ് മൂന്നാം ഭാഗത്തിന്റെ പ്രമേയം. ആദ്യ രണ്ട് ഭാഗങ്ങളിലെയും സസ്പെൻസ് മാജിക് ഈ ചിത്രത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മലയാളം പതിപ്പിന്റെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ആശിർവാദ് സിനിമാസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.