റോബിൻ ബസിനെതിരായ നടപടി പ്രതികാരമല്ല; നിയമം എല്ലാവരും പാലിക്കണമെന്ന് ആന്റണി രാജു

കാസർഗോഡ്: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത് പ്രതികാരനടപടിയല്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. നിയമം എല്ലാവരും ഒരുപോലെ പാലിക്കണമെന്നും മന്ത്രി കാസർഗോട്ട് പറഞ്ഞു.
നവകേരള സദസിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്നത് ഒരു പാവം ബസ് ആണെന്നും കൊലക്കേസ് പ്രതിയെ കാണുന്നതുപോലെ അതിനെ കാണേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഫ്രിഡ്ജോ ഓവനോ കിടപ്പു മുറിയോ മറ്റ് സജ്ജീകരണങ്ങളോ ബസിൽ ഇല്ല. ആകെയുള്ളത് ശുചിമുറിയും ബസിൽ കയറാൻ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റോബിൻ ബസിനെ വഴിയിൽ തടഞ്ഞുള്ള പരിശോധന തുടരുകയാണ്. പുറപ്പെട്ടതിന് ശേഷം നാലിലേറെ തവണയാണ് ഇതുവരെ ബസ് തടഞ്ഞത്. പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് എന്നിവിടങ്ങളിലെത്തിയപ്പോഴാണ് എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്. പരിശോധന നടത്തിയ ശേഷം പിഴയീടാക്കിയാണ് ബസ് വിടുന്നത്.