

മലപ്പുറം: വണ്ടൂർ പോരൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ ഭർത്താവ് എൽ.ഡി.എഫ്. പ്രവർത്തകന്റെ ബൈക്ക് അടിച്ചുതകർത്തു. യു.ഡി.എഫ്. സ്ഥാനാർത്ഥി ബിൻസിയുടെ ഭർത്താവ് കെ. അനൂപാണ് ആക്രമണം നടത്തിയത്.(UDF candidate's husband destroys LDF worker's bike)
എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി. സ്വപ്നയുടെ വിജയാഹ്ലാദ പ്രകടനത്തിന് നേരെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടാണ് അനൂപ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. എൽ.ഡി.എഫ്. പ്രകടനം കടന്നു വരുമ്പോൾ അനൂപ് മദ്യപിച്ച് അനൗൺസ്‌മെന്റ് വാഹനത്തിന്റെ ചാവി ഊരാൻ ശ്രമിക്കുകയും പ്രവർത്തകരുമായി കയർക്കുകയും ചെയ്തു.
ഇതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ലാത്തി വീശി അനൂപിനെ സ്ഥലത്തുനിന്ന് മാറ്റി. പ്രകടനം കടന്നുപോയ ശേഷം, മുതീരി പള്ളിപ്പടിയിൽ നിർത്തിയിട്ടിരുന്ന എൽ.ഡി.എഫ്. പ്രവർത്തകൻ എം. സെയ്തലവിയുടെ ബൈക്ക് അനൂപ് അക്രമാസക്തമായി അടിച്ചുതകർക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുക്കുകയും അനൂപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.