തൃശ്ശൂർ: ഉറങ്ങിക്കിടന്ന രണ്ട് സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു. എട്ട് വയസ്സുകാരനായ ആൽജോ മരണപ്പെട്ടു. സഹോദരൻ അനോജിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നാണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്.(Snake under pillow, 8-year-old boy dies of snakebite in Thrissur)
ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം രാത്രി അവകാഡോ ജ്യൂസ് കുടിച്ച ശേഷമാണ് കുട്ടികൾ ഉറങ്ങാൻ കിടന്നത്. അതിനാൽ, കുട്ടികൾക്ക് ഛർദ്ദിയും അസ്വസ്ഥതയും കണ്ടപ്പോൾ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. തുടർന്ന് ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. ഇരുവരുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിന്റെ പാടുകൾ കണ്ടെത്തി. ചികിത്സയ്ക്കിടെ ആൽജോ മരണത്തിന് കീഴടങ്ങുകയായിരുന്നു. അനോജിന്റെ നില ഗുരുതരമായി തുടരുന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.

