തിരുവനന്തപുരം: കടുത്ത ചൂടിനിടയിലും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇന്നലെ കുറഞ്ഞു. ഞായറാഴ്ചത്തെ മൊത്തം ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റാണ്. ശനിയാഴ്ച രേഖപ്പെടുത്തിയ സർവകാല റെക്കോർഡിൽ നിന്നാണ് ഉപഭോഗം താഴേക്ക് വന്നത്.(Slight decrease in electricity consumption in the state, Total consumption yesterday was 106.03 million units)
വൈകുന്നേരത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി. ഇന്നലത്തെ ഉയർന്ന ആവശ്യകത 5600 മെഗാവാട്ടായിരുന്നു. ആകെ ഉപയോഗിച്ചതിൽ 19.55 ദശലക്ഷം യൂണിറ്റ് സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ഉല്പാദിപ്പിച്ചു. ബാക്കി 84.37 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയതാണ്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും ആവശ്യകതയും ശനിയാഴ്ചയായിരുന്നു രേഖപ്പെടുത്തിയത്. അന്ന് 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ആകെ ഉപയോഗിച്ചത്.

