ചെന്നൈ: തമിഴ് സിനിമാ താരം വിജയും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന ഹർജിയിൽ നിർണ്ണായക നീക്കം. ജൂൺ 15-ന് ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകാൻ ചെങ്കൽപ്പെട്ട് കുടുംബ കോടതി ഉത്തരവിട്ടു. സംഗീത സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.(Divorce case, Actor Vijay and Sangeetha to appear in court on June 15)
ഫെബ്രുവരി 27-നാണ് വിജയ്‌ക്കെതിരെ സംഗീത വിവാഹമോചന ഹർജി നൽകിയത്. വിജയ്‌ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. 2021 മുതൽ വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും സംഗീത ആരോപിക്കുന്നു. വിജയിയുടെ ഭാഗത്തുനിന്നുള്ള അവഗണനയും വിശ്വാസവഞ്ചനയും തനിക്ക് കടുത്ത മാനസിക പീഡനമാണ് സമ്മാനിച്ചത്. വിജയ് തന്നിൽ നിന്നും മക്കളിൽ നിന്നും പിന്മാറിയതായി ഹർജിയിൽ പറയുന്നു.
മക്കളുടെ പഠനത്തെയും ഭാവിയെയും കരുതിയാണ് നിയമനടപടി സ്വീകരിക്കാൻ ഇത്രയും വൈകിയതെന്നും അവർ വ്യക്തമാക്കി. വിവാഹമോചനത്തിന് പുറമെ സാമ്പത്തിക സുരക്ഷിതത്വത്തിനായുള്ള ആവശ്യങ്ങളും സംഗീത കോടതിക്ക് മുന്നിൽ വെച്ചിട്ടുണ്ട്.

